നിരണം പത്താം വാർഡിൽ മുളമൂട്ടിൽപടി - പത്തിച്ചേരി റോഡിൽ വെള്ളം കയറി കിടക്കുന്നു.
തിരുവല്ല: പടിഞ്ഞാറന്‍ മേഖലയില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ ശമനമില്ല. തിരുവല്ല നഗരസഭ , പെരിങ്ങര,നിരണം, നെടുമ്പ്രം, കടപ്ര, കുറ്റൂർ ഗ്രാമപഞ്ചായത്തുകളിൽ പ്രളയക്കെടുതികൾ ഇപ്പോഴും തുടരുകയാണ്. കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്ക് നിലച്ചതോടെ വെള്ളം രണ്ടടിയോളം കുറഞ്ഞിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേയിലൂടെ വെള്ളം ഒഴുക്കിന് പകൽ വേഗം കൈവന്നതും തുണയായി. പെരിങ്ങരയില്‍ ചാത്തങ്കരി, മേപ്രാല്‍, കുറ്റൂരില്‍ കല്ലുങ്കല്‍, തേങ്ങേലി ഭാഗങ്ങളിലെ താഴ്ന്നപ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിരുന്നെങ്കിലും അപ്പര്‍കുട്ടനാട്ടില്‍ അപകടസാധ്യത നിലനില്‍ക്കുന്ന ഇടങ്ങളില്‍ വിച്ഛേദിച്ചിട്ടുണ്ട്. പാതകള്‍ ഇപ്പോഴും വെള്ളത്തിലാണ്. പ്രധാന റോഡുകളില്‍ വലിയ വാഹനങ്ങളെമാത്രമേ കടത്തിവിടുന്നുള്ളൂ. തിരുവല്ല-അമ്പലപ്പുഴ പാതയില്‍ ഗതാഗതം തുടങ്ങിയിട്ടില്ല. എംസി റോഡിലും തിരുവല്ല-കായംകുളം റോഡിലും വലിയ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. പമ്പ, മണിമല നദികളില്‍ നിന്നുള്ള വെള്ളമാണ് എംസി റോഡിലും മറ്റു പാതകളിലും കയറിയത്. തിരുമൂലപുരത്തും കുറ്റൂരിനും ഇടയിലുണ്ടായിരുന്ന വെള്ളക്കെട്ടൊഴിഞ്ഞു. വ്യാപാരസ്ഥാപനങ്ങള്‍ മുങ്ങി ലക്ഷങ്ങളുടെ നാശമുണ്ട്. തിരുവല്ല-കായംകുളം സംസ്ഥാനപാതയില്‍ പുളിക്കീഴിലാണ് പ്രശ്നം. ഗ്രാമീണറോഡുകള്‍ ഭൂരിഭാഗവും വെള്ളത്തിലാണ്.
ഇരുവെള്ളിപ്ര റെയില്‍വേ അടിപ്പാതയും കുറ്റൂര്‍ അടിപ്പാതയും അടച്ചിരിക്കുകയാണ്. യാത്രാമാർഗം നിലച്ചതോടെ പലരും വീടുകളിൽ കുടുങ്ങിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായതിനാൽ കുട്ടികൾക്ക് പുറത്തിറങ്ങേണ്ടതില്ലെങ്കിലും ഓഫീസുകളിലും മറ്റു തൊഴിലിടങ്ങളിലും പോകേണ്ടവർ ബുദ്ധിമുട്ടിലാണ്. പത്തനംതിട്ട ജില്ലയിൽ തിരുവല്ല ഒഴികെയുള്ള താലൂക്കുകളിൽ ഇന്ന് അധ്യയനം പുനരാരംഭിക്കുന്നതോടെ സമീപ സ്ഥലങ്ങളിലേക്ക് പോകേണ്ട അധ്യാപകരടക്കമുള്ളവരുടെ യാത്ര ബുദ്ധിമുട്ടിലാകും.
ഗ്രൂവല്‍ സെനന്ററുകള് ഇത്തവണ തുറന്നില്ല
കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ പ്രളയക്കെടുതിയില്‍ വലഞ്ഞ അപ്പര്‍കുട്ടനാട്ടില്‍ ഗ്രൂവല്‍ സെന്ററുകള്‍ (കഞ്ഞിവീഴ്ത്ത് കേന്ദ്രങ്ങള്‍) ഇത്തവണ തുറന്നില്ല. ഇതോടെ പടിഞ്ഞാറന്‍മേഖലകളില്‍ വീടുകളില്‍ കഴിയുന്നആളുകള് ദുരിതത്തിലായി. വെള്ളം ഇറങ്ങി വീട് വൃത്തിയാക്കാന്‍ തിരികെ എത്തുന്ന വീട്ടുകാര്‍ക്കും ഇത്തരം കേന്ദ്രങ്ങള്‍ സഹായകമായിരുന്നു വെ്ളക്കെട്ട് ദുരിതത്തിലായാലും വളര്‍ത്തുമൃഗങ്ങളെയടക്കം പരിപാലിക്കേണ്ടതിനാല്‍ പലരും വീടുകളില്‍തന്നെ തുടരുകയാണ്.
കഞ്ഞിവീഴ്ത്ത് കേന്ദ്രങ്ങൾക്കുള്ള ഭക്ഷ്യധാന്യം സപ്ലൈകോ വഴിയാണ് നല്‍കിയിരുന്നത്. മുമ്പ് ഗ്രൂവല്‍ സെന്ററിലെ കണ്‍വീനര്‍മാര്‍ കുടുംബങ്ങളുടെ വിവരങ്ങളും റേഷന്‍ കാര്‍ഡും വില്ലേജ് ഓഫീസര്‍ക്ക് നല്കിയാല് ഉടന്‍ തന്നെ സപ്ലൈകോവഴി ഭക്ഷ്യധാന്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പഞ്ചായത്ത് വഴി വിവരം ജോയിന്റ് ഡയക്ടറുടെ ഓഫീസിലെത്തി അവിടെനിന്ന് അംഗീകരിച്ച് വരണം. ഇക്കാരണത്താലാണ് കേന്ദ്രം തുടങ്ങാൻ കഴിയാതെ പോയതെന്ന് പറയുന്നു.
Tags : Nattuvishesham Local News Upper Kuttanad distress