സൂരജ് ബിജു പരിശീലനത്തില്‍
പാലായിൽനിന്ന് പാരാ ഹോക്കി ലോകകപ്പ് ടീമിൽ
പാലാ: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് അധ്വാനവും ആത്മവിശ്വാസവും കൊണ്ട് അന്താരാഷ്ട്ര കായികവേദിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് പാലാ സ്നേഹാരാം സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥിയായ സൂരജ് ബിജു. ഈ വര്‍ഷം ബെല്‍ജിയത്തിലും നെതര്ലാന്ഡ്സിലുമായി നടക്കുന്ന പാരാ ഹോക്കി ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സൂരജ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ടീമിലെ ഏക മലയാളി സാന്നിധ്യമാണ് സൂരജ്.
ബാല്യം മുതല്‍ സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ സംരക്ഷണയിലായിരുന്നു സൂരജ്. പാറത്തോട്ടിലെ സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റിന്റെ സ്നേഹദീപം ബാലഭവനിലായിരുന്നു തുടക്കം. അമ്മയില്ലാത്ത സൂരജിന് രോഗിയായ പിതാവ് ബിജുവും അശ്വതി, രേവതി എന്നീ സഹോദരിമാരുമാണുള്ളത്. രണ്ടു വര്‍ഷങ്ങളായി സൂരജിന്റെ പിതാവ് പാലാ മരിയ സദനത്തിന്റെ സംരക്ഷണത്തിലാണ്.
സൂരജിന്റെ കായികമികവ് ആദ്യമായി തിരിച്ചറിഞ്ഞത് സ്നേഹാരാം സ്പെഷല്‍ സ്കൂളിന്റെ പ്രിന്‍സിപ്പലായ സിസ്റ്റര്‍ റോസ്മിത എസ്എംഎസ് ആയിരുന്നു. തുടര്‍ന്ന് സ്കൂളിലെ കായികപരിശീലകയായ അല്ലിയമ്മ ജോണിന്റെ കീഴില്‍ വര്‍ഷങ്ങളോളം പരിശീലനം ലഭിച്ചു. കഠിനാധ്വാനവും നിരന്തര പരിശീലനവും സൂരജിനെ ഫുട്ബോൾ, അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ഹോക്കി എന്നീ ഇനങ്ങളില്‍ മികവ് തെളിയിക്കുന്ന താരമാക്കി. ഹോക്കിയിലാണ് സൂരജിന്റെ ശ്രദ്ധേയമായ നേട്ടങ്ങളെല്ലാം.
സ്പെഷല്‍ ഒളിമ്പിക്സ് ഭാരത് സംഘടിപ്പിച്ച വിവിധ പരിശീലന ക്യാമ്പുകളിലും സംസ്ഥാന മത്സരങ്ങളിലും ദേശീയതല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച സൂരജ്, സ്പെഷ ല്‍ ഒളിമ്പിക്സ് ഭാരത് ദേശീയ ഹോക്കി ടീമിലേക്ക് തെഞ്ഞെടക്കപ്പെട്ടു. ഈ നേട്ടമാണ് പിന്നീട് പാരാ ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്.
Tags : Nattuvishesham DistrictNews DeepikaNews Sooraj