രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിൽ വിദ്യാർഥികൾ തങ്ങൾക്ക് നേരിട്ടുകൊണ്ടിരിക്കുന്ന വേട്ടയാടലുകൾ വിവരിക്ക
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരേ പല കോണിൽനിന്നും പലതരത്തിൽ വേട്ടയാടലുകൾ നടക്കുന്നതായി ആരോപണം. സമരത്തിനുശേഷം സൈബർ ആക്രമണവും വിദ്വേഷ പരാമർശങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നതായി വിദ്യാർഥികൾ പറഞ്ഞു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ ക്രമക്കേടിലും പ്രതിഷേധിച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിലാണ് നേരിട്ടുകൊണ്ടിരിക്കുന്ന വേട്ടയാടലുകൾ വിദ്യാർഥികൾ വിവരിച്ചത്. പ്രതിഷേധിച്ച തങ്ങളെ മതത്തിന്റെ പേരിൽ വേർതിരിക്കുകയും ദേശവിരുദ്ധരായി മുദ്രകുത്താൻ പോലീസ് ശ്രമിക്കുകയും ചെയ്ത അനുഭവങ്ങളും വിദ്യാർഥികൾ പങ്കുവച്ചു.
പ്രതിഷേധിച്ചതിന്റെ പേരിൽ പല കോണിൽനിന്നും സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നതായി മുംബൈയിൽ പോലീസ് വാൻ തടഞ്ഞ് അനധികൃതമായി കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ മോചിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ റിയ ആഹിർ പറഞ്ഞു.
പാർട്ടിപ്രവർത്തകരുൾപ്പെടെ തന്റെ ചിത്രം വച്ച് സമൂഹമാധ്യമങ്ങളിൽ അശ്ലീല പോസ്റ്റുകൾ ഇടുന്നതായി റിയ ആരോപിച്ചു. ഇതിനെതിരേ കഴിഞ്ഞ മാസം 27ന് പരാതി നൽകിയിട്ടും ഇതുവരെ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായിട്ടില്ലെന്നും റിയ കുറ്റപ്പെടുത്തി.
പോലീസ് വാൻ തടഞ്ഞ പ്രതിഷേധക്കാരി എന്ന ലേബൽ അല്ല തനിക്കു വേണ്ടതെന്നും പകരം അനധികൃതമായി കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെ മോചിപ്പിക്കുകയാണു താൻ ചെയ്തതെന്നും റിയ പറഞ്ഞു.
ജൂലൈ 20ന് നടന്ന പ്രതിഷേധത്തിൽ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടപ്പോൾ ഇത്രയധികം അതിക്രമം നേരിടേണ്ടിവന്നു. എന്നാൽ അമിത് ഷായുടെ രാജി ആവശ്യപ്പെട്ടിരുന്നെങ്കിൽ വിദ്യാർഥികൾക്കെതിരേ നേരിട്ട് വെടിയുതിർത്തേനെയെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത നാഗ്പുർ സ്വദേശി ഭാരത് ബാന പറഞ്ഞു.
അതേസമയം വിദ്യാർഥികളെ ക്രൂരമായി മർദിക്കാനും പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച് ആക്രമിക്കാനും അനുമതി നൽകിയതിന്റെ പൂർണ ഉത്തരവാദിത്വം അമിത് ഷായ്ക്കാണെന്നും പാർലമെന്റിൽ വന്നു സംഭവത്തെക്കുറിച്ച് വിശദീകരിക്കാനുള്ള ധൈര്യവും മാന്യതയും അദ്ദേഹത്തിനില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ക്രമസമാധാനം തകർത്തതും 15 വയസുള്ള കുട്ടികളിൽനിന്നുപോലും ഗുണ്ടകളെ അയച്ച് ബലമായി മാപ്പപേക്ഷ എഴുതിവാങ്ങിയതും അംഗീകരിക്കാനാകില്ലെന്നും രാഹുൽ പറഞ്ഞു.
Tags : QuestionPaper Leak Students Hunt Struggle Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash