Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : QuestionPaper

പിഎസ്‌സി പരീക്ഷയിൽ ഗുരുതര വീഴ്ച: ചോദ്യപേപ്പർ മാറി നൽകി; ഉച്ചയ്ക്കുള്ള പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വിവിധ സ്ഥാപനങ്ങളിലേക്ക് നടത്തിയ ലാസ്റ്റ് ഗ്രേഡ് സെർവന്‍റ് പരീക്ഷയിൽ ഗുരുതര വീഴ്ച. ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ പിഎസ്‌സി റദ്ദാക്കി. ആലപ്പുഴയിലെ ഒരു പരീക്ഷാ കേന്ദ്രത്തിലാണ് വീഴ്ചയുണ്ടായത്.

ഉദ്യോഗാർഥികളുടെ എണ്ണം കൂടുതലായതിനാൽ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. ഇരുവിഭാഗത്തിനും വ്യത്യസ്ത ചോദ്യപേപ്പറുകളും തയാറാക്കിയിരുന്നു. എന്നാൽ, ആലപ്പുഴയിലെ ഒരു സെന്‍ററിൽ രാവിലെ നടന്ന പരീക്ഷയ്ക്ക് നൽകിയത് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറായിരുന്നു. പരീക്ഷ പൂർത്തിയായ ശേഷമാണ് അധികൃതർക്ക് ഈ അബദ്ധം തിരിച്ചറിയാനായത്.

ചോദ്യപേപ്പർ നേരത്തെ തന്നെ പുറത്തായ പശ്ചാത്തലത്തിലാണ് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ അടിയന്തരമായി റദ്ദാക്കാൻ പിഎസ്‌സി തീരുമാനിച്ചത്. അതേസമയം, വീഴ്ച സംഭവിച്ച ആലപ്പുഴയിലെ പരീക്ഷാ കേന്ദ്രത്തിൽ രാവിലത്തെ പരീക്ഷ വീണ്ടും നടത്തുമെന്നും എന്നാൽ മറ്റ് സ്ഥലങ്ങളിൽ രാവിലെ നടന്ന പരീക്ഷയുടെ ഉത്തരങ്ങൾ സാധാരണ നിലയിൽ മൂല്യനിർണയം നടത്തുമെന്നും പിഎസ്‌സി അറിയിച്ചു.

പരീക്ഷാ നടത്തിപ്പിൽ ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. റദ്ദാക്കിയ പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിഎസ്‌സി പിന്നീട് അറിയിക്കും.

Latest News

Corehub Up