ലെയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ നവംബർ മാസത്തിൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ഉറുഗ്വേ, അർജന്റീന, പെറു എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.
നവംബർ ആറു മുതൽ 17 വരെ 11 ദിവസം നടക്കുന്ന പര്യടനത്തിൽ 10 പ്രമുഖ നഗരങ്ങൾ മാർപാപ്പ സന്ദർശിക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. സഭാധ്യക്ഷനായശേഷമുള്ള അദ്ദേഹത്തിന്റെ ആറാമത്തെ അന്താരാഷ്ട്ര പര്യടനമാണിത്.
നവംബർ ആറുമുതൽ എട്ടുവരെ ഉറുഗ്വെയിലെ മോന്തെവീദെയോ, പൈസാണ്ടു, ഫ്ലോറിഡ എന്നീ നഗരങ്ങൾ സന്ദർശിക്കും. എട്ടു മുതൽ 11 വരെയാണ് അർജന്റീനയിലെ സന്ദർശനം. ബുവേനോസ് ഐറിസ്, കോർഡോബ, ലുഹാൻ എന്നിവിടങ്ങൾ സന്ദർശിക്കും.
ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ ജന്മദേശമാണ് അർജന്റീന. അദ്ദേഹത്തിന് തന്റെ 13 വർഷത്തെ ഭരണകാലത്തിനിടയിൽ സ്വന്തം നാട് സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. ഏകദേശം 40 വർഷങ്ങൾക്കു ശേഷമാണ് ഒരു മാർപാപ്പ അർജന്റീനയിലെത്തുന്നത്.
നവംബർ 11ന് പെറുവിലെത്തുന്ന ലെയോ മാർപാപ്പ ലിമ, ചിക്ലായോ, കുസ്കോ, പുക്കാൽപ എന്നീ നഗരങ്ങൾ സന്ദർശിക്കും. അമേരിക്കയിൽ ജനിച്ച ആദ്യ മാർപാപ്പയായ ലെയോ പതിനാലാമന് പെറുവുമായി ദീർഘകാലത്തെ അടുത്ത ബന്ധമുണ്ട്.
1985ൽ ഒരു മിഷനറിയായി പെറുവിലെത്തിയ അദ്ദേഹം പിന്നീട് ചിക്ലായോ രൂപതയുടെ ബിഷപ്പായി 2015 മുതൽ 2023 വരെ സേവനമനുഷ്ഠിച്ചിരുന്നു.
പെറുവിലെ പൗരത്വം കൂടിയുള്ള മാർപാപ്പ, നേരത്തേ അവിടെ ഭരണത്തിലിരുന്ന ആൽബർട്ടോ ഫുജിമോറിയുടെ കാലഘട്ടത്തിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേയും അദ്ദേഹത്തിനു നൽകിയ മാപ്പിനെതിരേയും ബിഷപ്പായിരിക്കെ പരസ്യമായി നിലപാടെടുത്തിരുന്നു.
ഈവർഷം സെപ്റ്റംബർ 25 മുതൽ 28 വരെ മാർപാപ്പ ഫ്രാൻസ് സന്ദർശിക്കും.
Tags : Pope Visit Uruguay Argentina Peru November LeoXIV Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash