എത്രനാള്‍ ഇങ്ങനെ... താഴത്തങ്ങാടി എംഡി എല്‍പി സ്കൂളിലെ ക്യാമ്പില്‍ കഴിയുന്ന കുമ്മനം സ്വദേശികളായ വത്സയും ലക്ഷ്മിയും. ഇരുവര്‍ക്കും 80
കോട്ടയം: മഴമാറി പകല്‍ മാനം തെളിഞ്ഞെങ്കിലും പടിഞ്ഞാറന്‍ മേഖലയില്‍ ഇപ്പോഴും വെള്ളക്കെട്ടാണ്. കായലിലേക്കും കടലിലേക്കുമുള്ള വെള്ളത്തിന്റെ ഒഴുക്കിന്റെ ശക്തി കുറവായതിനാല്‍ താഴ്ന്നപ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. കുമരകം, തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലാണ് ഏറ്റവും ദുരിതം. പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തില്‍ തന്നെയാണ്. ആര്‍പ്പൂക്കര, അയര്‍ക്കുന്നം, വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ കോട്ടയം, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റികളുടെ താഴ്ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു വെള്ളം പൂര്‍ണമായി ഇറങ്ങിയിട്ടില്ല. കഴിഞ്ഞ ഞായറാഴ്ചയോടെയാണ് കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളം കയറിത്തുടങ്ങിയത്. ഇന്നു നാലു ദിവസം പിന്നിടുകയാണ്. ഇന്നലെ പകല്‍ ജില്ലയില്‍ മഴ ഏതാണ്ട് പൂര്‍ണമായും മാറി നിന്നു. മീനച്ചില്‍, മണിമല, മൂവാറ്റുപുഴയാറുകളിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍നിന്നു താഴ്ന്നു.
പ്രധാന റോഡുകളിലുണ്ടായിരുന്ന വെള്ളക്കെട്ടും ഗതാഗതതടസവും മാറിയെങ്കിലും കോട്ടയം-കുമരകം റോഡിലും തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലും അയര്‍ക്കുന്നം, പുതുപ്പള്ളി പ്രദേശങ്ങളിലും റോഡുകളില്‍ ഇപ്പോഴും വെള്ളക്കെട്ടും ഗതാഗത തടസവുമാണ്. എണ്ണായിരത്തിലധികം ആളുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ക്യാമ്പുകളില്‍ കഴിയുന്നത്.
പാലാ, ഈരാറ്റുപേട്ട പ്രദേശങ്ങളിലെ ക്യാമ്പുകള്‍ ഇന്നലെ അവസാനിച്ച് പലരും വീടുകളിലേക്ക് മടങ്ങി. കോട്ടയത്തും സമീപ പ്രദേശങ്ങളിലും വെള്ളം ഇറങ്ങിയ വീടുകളില്‍ ആളുകള്‍ തിരിച്ചെത്തി ശുചീകരണ പ്രവര്‍ത്തനങ്ങളിലാണ്. കല്ലും മണ്ണും ചെളിയും മാലിന്യങ്ങളും നിറഞ്ഞ വീട് വൃത്തിയാക്കാന്‍ വീട്ടുകാര്‍ നന്നേ പാടുപെടുകയാണ്.