വീടിനു മുകളിലേക്ക് തെങ്ങ് വീണ നിലയിൽ
കാട്ടാക്കട : മഴയിലും കാറ്റിലും കാട്ടാക്കടയിൽ മരം വീണ് വീട് തകർന്നു. വൈദ്യുത പോസ്റ്റുകളും തകർന്നു.
കാട്ടാക്കട കട്ടക്കോട്ട് കൊറ്റംകുഴിയിൽ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കൊറ്റംകുഴി സ്വദേശിനി വിമലയുടെ വീടിന് പുറത്തേക്കാണ് സമീപ വീടിന്റെ പുരയിടത്തിൽ നിന്ന തെങ്ങ് കടപുഴകി പതിച്ചത്. വൈദ്യുതി ലൈനിൽ തട്ടി നിന്നതിനാൽ തെങ്ങ് വീടിന്റെ ഷീറ്റ് മേഞ്ഞ മേൽക്കൂരയുടെ മുകളിൽ വന്നിടിച്ചുനിന്നു. ആളപായമില്ല. മരം വീണ് വൈദ്യുതി ലൈനും തകരാറായിട്ടുണ്ട്. കുറച്ചുസമയം ഇതുവഴിയുള്ള ഗതാഗതത്തിനും തടസമുണ്ടായി. കാട്ടാക്കടയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി ഏറെ പരിശ്രമത്തിനൊടുവിലാണ് മരം മുറിച്ചുമാറ്റിയത്. കാഞ്ഞിരംവിള ജംഗ്ഷനിൽ ഇന്നലെ രാവിലെ പുളിമരം വൈദ്യുതി പോസ്റ്റിലേക്ക് കടപുഴകി വീണു.
അപകടത്തിൽ നാല് വൈദ്യുതി പോസ്റ്റുകൾ തകർന്നു. സമീപത്തുണ്ടായിരുന്ന ഹനുമാൻ ക്ഷേത്രത്തിന്റെ ആർച്ചും തകർന്നു. വിവരമറിഞ്ഞ് ഫയർഫോഴ്സും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റുന്നതിനും വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു.
Tags : Nattuvishesham Local News tree fell