കണ്ണൂർ ടൗൺ സ്ക്വയറിൽ ഓപ്പൺ സ്റ്റേജ് നിർമാണത്തിനായി എടുത്ത കുഴികൾ ജെസിബി ഉപയോഗിച്ച് നികത്തുന്നു.
കണ്ണൂർ: വിവാദമായ കണ്ണൂർ ടൗൺസ്ക്വയറിലെ അനധികൃത നിർമാണത്തിനായി എടുത്ത കുഴി നികത്തി ടൗൺ സ്ക്വയറിനെ പഴയ രൂപത്തിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഉപഭോക്തൃ കൗൺസിൽ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച പ്രതിഷേധ സംഗമത്തിന് തൊട്ടു മുന്പായി കുഴികൾ മൂടി മുഖം രക്ഷിച്ച് ജില്ലാ ഭരണകൂടം.
ഇന്നലെ വൈകുന്നേരം ആർട്ടിസ്റ്റ് ശശികലയുടെ നേതൃത്വത്തിൽ ടൗൺ സ്ക്വയറിൽ പ്രതിഷേധ സംഗമം നടത്തുന്നതിനായി പ്രവർത്തകർ എത്തിയപ്പോൾ ജെസിബി ഉപയോഗിച്ച് കുഴികൾ മൂടുന്നതാണ് കണ്ടത്. ഇതേത്തുടർന്ന് പ്രതിഷേധം ഉപേക്ഷിച്ച് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. ഡിടിപിസിയുടെ ഉടമസ്ഥതയിലുള്ള കണ്ണൂർ ടൗൺ സ്ക്വയറിലെ പ്രവേശന കവാടത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്റെ പ്രാദേശിക വികസന നിധി ഫണ്ട് ഉപയോഗിച്ച് ഓപ്പൺ സ്റ്റേജ് നിർമിക്കാനുള്ള നീക്കമായിരുന്നു വിവാദമായത്.
കണ്ണൂർ ടൗൺ സ്ക്വയറിലെ അനധികൃത നിർമാണത്തിനെതിരേ 2026 ഫെബ്രുവരി ഏഴിനാരംഭിച്ച പോരാട്ടത്തിന്റെ ഫലമാണ് ഇപ്പോൾ കണ്ടതെന്ന് ആർട്ടിസ്റ്റ് ശശികല പറഞ്ഞു. അതേസമയം അനധികൃതമായി നിർമാണ പ്രവൃത്തി നടത്താൻ ഇടയായ സാഹചര്യത്തിൽ ഇതിനു ചെലവായ തുക നിർമാണ നടപടികളുമായി മുന്നിട്ടിറങ്ങിയവരിൽ നിന്ന് ഈടാക്കണമെന്നും ആർട്ടിസ്റ്റ് ശശികല ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews demonstration.