കെ.എൽ. രാഹൂൽ പരിശീലനത്തിൽ.
കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കായുള്ള അവസാനവട്ട പരിശീലനം ഇന്ത്യന്‍ ടീം ആരംഭിച്ചു. ചൊവ്വാഴ്ച ലങ്കയില്‍ എത്തിയ ടീം ഇന്ത്യ, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇന്നലെ ആദ്യ പരിശീലന സെഷന് നടത്തി. കൊളംബോയിലെ എന്‍സിസി ഗ്രൗണ്ടിലായിരുന്നു ടീം ഇന്ത്യയുടെ പരിശീലനം.
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരമ്പരയാണിത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ലീഗ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ശ്രീലങ്ക ആറാമതും.
ഓപ്പണര്‍മാരായ കെ.എല്‍. രാഹുല്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ പ്രത്യേക പരിശീലനം നടത്തി. സ്പിന്നിന് എതിരായ കഠിന പരിശീലനത്തിനുശേഷമായിരുന്നു രാഹുലും ജയ്സ്വാളും ലങ്കയില്‍ എത്തിയത്. 15 മുതല്‍ 19വരെ ഗാലെയിലാണ് ഒന്നാം ടെസ്റ്റ്. 23 മുതല്‍ 27വരെ കൊളംബോയില്‍ രണ്ടാം ടെസ്റ്റ് അരങ്ങേറും. വെള്ളിയാഴ്ച ശ്രീലങ്ക ഇലവനുമായി ടീം ത്രിദിന പരിശീലന മത്സരം കളിക്കും.
ശ്രീലങ്കന്‍ പര്യടനത്തിനിടെ നെറ്റ് ബൗളിംഗിനായി പ്രധാനമായും ടീം ഇന്ത്യ കൂട്ടിയിരിക്കുന്നത് സ്പിന്നര്മാരെയാണെന്നതും ശ്രദ്ധേയം. തനുഷ് കൊടിയന്‍ (ഓഫ്), വിപ് രാജ് നിഗം (ലെഗ്), ശിവംഗ് കുമാര്‍ (ലെഫ്റ്റ് ആം റിസ്റ്റ് സ്പിന്‍), ഹര്‍ഷ് ദുബെ (ലെഫ്റ്റ് ആം ഓര്‍ത്തഡോക്സ്) എന്നിവരാണ് ടീമിനൊപ്പമുള്ള നെറ്റ് ബൗളര്‍മാര്‍.
ടീം ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ചത് ജൂണ്‍ ആദ്യവാരം അഫ്ഗാനിസ്ഥാന് എതിരേ. മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്സിനും 300 റണ്‍സിനും ജയിച്ചിരുന്നു. എന്നാല്‍, ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള മത്സരമായിരുന്നില്ല അത്.
Tags : India@LankaTest IndianTeam FinalTraining TestChampionship Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash