കുരങ്ങുകൾ മേൽക്കൂര തകർത്ത വീടിനു മുന്നിൽ കൃഷ്ണൻകുട്ടി.
എരുമപ്പെട്ടി: കുരങ്ങുശല്യം മൂലം ദുരിതമനുഭവിക്കുകയാണ് കടങ്ങോട് മണ്ടംപറമ്പ് എളാട്ടുവളപ്പിൽ കൃഷ്ണൻകുട്ടി. കുരങ്ങന്മാർ മേൽകൂര പൊളിച്ച വീടിന്റെ ചുമരുകൾ മഴയിൽ കുതിർന്ന് ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്.
മണ്ടംപറമ്പ് ഉന്നതിയിലെ ഓടുമേഞ്ഞ വീട്ടിലാണ് 64 കാരനായ കൃഷ്ണൻകുട്ടി തനിച്ച് താമസിക്കുന്നത്. വനത്തിൽനിന്നു കൂട്ടത്തോടെ ഇറങ്ങുന്ന കുരങ്ങുകളാണ് കൃഷ്ണൻകുട്ടിയുടെ ജീവിതം നരകതുല്യമാക്കുന്നത്. നാലുവർഷംമുമ്പ് തുടങ്ങിയ കുരങ്ങുശല്യത്തിന് ഇപ്പോഴും അറുതിയില്ല.
കൃഷ്ണൻകുട്ടി പുറത്തിറങ്ങിയാൽ വീടും പറമ്പും കുരങ്ങുകളുടെ വിഹാരകേന്ദ്രമായി മാറും. വീടിന്റെ ഓടുകളിളക്കി താഴെയിടും. അകത്തുകയറി വസ്ത്രങ്ങളും സാധനസാമഗ്രികളും ഭക്ഷ്യവസ്തുക്കളും നശിപ്പിക്കും.
ഉന്നതിയിലെ പല വീടുകളിലും ഇതായിരുന്നു അവസ്ഥ. സർക്കാരിന്റെ സഹായത്താലും വായ്പയെടുത്തും വീടുകളുടെ മേൽക്കൂര വാർത്താണ് ഭൂരിഭാഗം കുടുംബങ്ങളും കുരങ്ങുകളുടെ ശല്യത്തിൽനിന്നു രക്ഷനേടിയത്. ഇതിനു കഴിയാത്ത ചില കുടുംബങ്ങൾ താമസം മാറ്റി. കൃഷ്ണൻകുട്ടിക്ക് ബന്ധുക്കളില്ലാത്തതിനാൽ വീട് ഉപേക്ഷിച്ചുപോകാനും കഴിയാത്ത സാഹചര്യമാണ്.
ലൈഫ് പദ്ധതിയിൽ വീടു ലഭിക്കാൻ അർഹതയുണ്ടെങ്കിലും സാങ്കേതികപ്രശ്നങ്ങളുടെ നൂലാമാലയിൽ ആനുകൂല്യം തടസപ്പെട്ടു. ഏറെ ആശങ്കയോടെയാണ് കൃഷ്ണൻകുട്ടിയുടെ ജീവിതം.