പ്രതീകാത്മക ചിത്രം
കോൽക്കത്ത: ലോകകപ്പ് കഴിഞ്ഞെങ്കിലും ഫുട്ബോൾ ആരാധകർക്ക് വീണ്ടും സന്തോഷ വാർത്ത. ബ്രസീൽ ഫുട്ബോൾ ടീം സൗഹൃദ മത്സരം കളിക്കാൻ ഇന്ത്യയിലേക്ക് വരുമെന്ന് റിപ്പോർട്ട്.
ഒക്ടോബറിലെ ഫിഫ വിൻഡോയിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ പോരാട്ടം കോൽക്കത്തയിൽ കളിക്കാനുള്ള നീക്കങ്ങളാണ് ബ്രസീൽ ടീം നടത്തുന്നത്. സെപ്റ്റംബർ 25ന് ടൗണ്സ്വില്ലിലും 29ന് ബ്രിസ്ബേനിലും വച്ച് ബ്രസീൽ രണ്ട് സൗഹൃദ മത്സരങ്ങൾ ഓസ്ട്രേലിയയ്ക്കെതിരേ കളിക്കും.
ഈ മത്സരങ്ങൾക്ക് പുറമേ ഒരു മത്സരം കോൽക്കത്തയിൽ നടത്താനുള്ള നീക്കമാണ് ബ്രസീൽ ഫുട്ബോൾ കോണ്‍ഫെഡറേഷൻ (സിബിഎഫ്) നടത്തുന്നത്. കോൽക്കത്തയിൽ ബ്രസീലിന്റെ എതിരാളി ആരെന്നതിൽ തീരുമാനം ആയിട്ടില്ല.
ഫിഫ ലോകകപ്പിനിടെയാണ് സിബിഎഫും കോൽക്കത്തയിലെ സംഘാടകരും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചത്. ലോകകപ്പിൽ കോൽക്കത്തയിൽനിന്നു ബ്രസീൽ ടീമിനു കിട്ടിയ വലിയ പിന്തുണയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കോണ്‍ഫെഡറേഷൻ എത്താൻ കാരണമെന്നും റിപ്പോർട്ടുണ്ട്.
ലോകകപ്പിൽ ഇന്ത്യൻ സാന്നിധ്യമുണ്ടായില്ലെങ്കിലും ബ്രസീലിന്റെ പ്രസിദ്ധമായ മഞ്ഞ ജഴ്സിയണിഞ്ഞ ആയിരക്കണക്കിനു ഇന്ത്യൻ ആരാധകരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ദേശീയ ടീമുകൾക്ക് 16 ദിവസത്തിനിടെ നാല് മത്സരങ്ങൾ വരെ കളിക്കാൻ അനുമതി നൽകുന്ന ഫിഫയുടെ പുതിയ സൂപ്പർ ഫിഫ വിൻഡോ കലണ്ടറിന്റെ ഭാഗമായിട്ടാണ് കോൽക്കത്തയിലെ മത്സരം.