കാഠ്മണ്ഡു: 2016ലെ നോട്ടു നിരോധനത്തെത്തുടർന്ന് നേപ്പാൾ കഴിഞ്ഞ 10 വർഷമായി ഇന്ത്യൻ രൂപയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്.
ദ നേപ്പാൾ രാഷ്ട്ര ബാങ്കിന്റെ(എൻആർബി) പുതുക്കിയ വിജ്ഞാപന പ്രകാരം ഇനി ഇന്ത്യൻ, നേപ്പാളി പൗരന്മാർക്ക് 200, 500 രൂപ നോട്ടുകളും രാജ്യത്തിനകത്തേക്കും പുറത്തേക്കും കൊണ്ടുപോകാനാകും. മുന്‍പ് 100 രൂപ നോട്ടുകൾക്ക് മാത്രമാണ് ഇത്തരത്തിൽ അനുമതിയുണ്ടായിരുന്നത്.
2016 നവംബർ ഒന്‍പതിനോ അതിനു ശേഷമോ പുറപ്പെടുവിപ്പിച്ച 200, 500 രൂപ നോട്ടുകൾ, ഒരാൾക്ക് 25,000 രൂപ എന്ന പരിധിയിലാണു കൊണ്ടുപോകാനാകുക. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്റെ വ്യക്തതയ്ക്കായി എൻആർബി വീണ്ടും പ്രത്യേക വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.
നേപ്പാൾ പൗരന്മാർക്ക് ഇന്ത്യയിൽനിന്നല്ലാതെ ഇന്ത്യൻ കറൻസി രാജ്യത്തേക്കു കൊണ്ടുവരാനാകില്ലെന്നും നേപ്പാളിൽനിന്ന് ഇന്ത്യയിലേക്കല്ലാതെ മൂന്നാമതൊരു രാജ്യത്തേക്ക് ഇത് കൊണ്ടുപോകാനാകില്ലെന്നും എൻആർബി വക്താവ് ഗുരു പ്രസാദ് പൗഡേൽ പറഞ്ഞു.
ഭേദഗതി ചെയ്ത വ്യവസ്ഥ നേപ്പാൾ സന്ദർശിക്കുന്ന ഇന്ത്യൻ വിനോദ സഞ്ചാരികൾക്കും ഇന്ത്യയുമായി വ്യാപാര-വാണിജ്യ ബന്ധമുള്ള നേപ്പാളി പൗരന്മാർക്കും കൂടുതൽ സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Nepal Restrictions Notes Allowed Indian Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash