ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച ഉന്നതതല ടാസ്ക് ഫോഴ്സ് പരീക്ഷാ സംവിധാനത്തിന്റെ പവിത്രത തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ തലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ മോദി സർക്കാർ തുടർച്ചയായി പരിഷ്കാരങ്ങൾ നടപ്പാക്കുകയാണ്. ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ള കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുമെന്നും അമിത് ഷാ എക്സിലൂടെ അറിയിച്ചു.
ടാസ്ക് ഫോഴ്സ് രൂപീകരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പങ്കുവെച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രതികരണം. പ്രമുഖ ടെക്നോളജി വിദഗ്ദ്ധൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ പരീക്ഷാ പരിഷ്കാരങ്ങൾക്കായി ഉന്നതതല ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്.
"വിദ്യാർത്ഥികളുടെ ഭാവിക്കായി കേന്ദ്ര സർക്കാർ തുടർച്ചയായി നടപടികൾ സ്വീകരിക്കുന്നുണ്ട്. വിദ്യാർഥികളുടെ ഭാവിവെച്ച് കളിച്ചവർ ഇപ്പോൾ ജയിലിലാണ്. ഞങ്ങൾ ഇതിനകം ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചിട്ടുണ്ട്. കർശനമായ നിയമ വ്യവസ്ഥകളുള്ള പുതിയ നിയമനിർമാണവുമായി പാർലമെന്റിൽ മുന്നോട്ട് പോവുകയാണ്. എന്നാൽ നമ്മൾ ഭാവിയെക്കൂടി നോക്കണം. നമ്മുടെ പരീക്ഷാ സംവിധാനം വിശ്വസനീയവും സുതാര്യവുമാകണം, അതിൽ സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കണം’- പ്രധാനമന്ത്രി പറഞ്ഞു. ടാസ്ക് ഫോഴ്സ് പരീക്ഷാ പരിഷ്കാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരാനിരിക്കുന്ന പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കുമെന്നും മോദി അറിയിച്ചു.
Tags : Modi government Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash