പ്രതീകാത്മക ചിത്രം
കാക്കനാട്: കാറിനു വഴി നല്‍കിയില്ലെന്ന കാരണത്താൽ ബൈക്ക് യാത്രക്കാരായ യുവാക്കൾക്കു ക്രൂരമർദനം. ഇന്നലെ പുലർച്ചെ രണ്ടോടെ എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജംഗ്ഷനിലെ റൗണ്ട് എബൗട്ടിന് സമീപമാണു സംഭവം. ഇടിവള ഉപയോഗിച്ചും മറ്റുമുള്ള ആക്രമണത്തില്‍ കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് ഷാഫി, വാഴക്കാല സ്വദേശികളായ പ്രവീണ്‍, നിസാം എന്നിവര്‍ക്കാണു ഗുരുതരമായി പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഒരാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടുപേരെ കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു. ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം, യുവാക്കളെ തടഞ്ഞു നിര്‍ത്തി കൊലവിളി നടത്തുകയായിരുന്നു. അക്രമികളിലൊരാൾ കൈയില്‍ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് യുവാക്കളെ മുഖത്ത് തുടരെത്തുടരെ ഇടിക്കുകയും തുടര്‍ന്ന് മറ്റു പ്രതികള്‍ ചേര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൂരമായി ചവിട്ടുകയും മര്‍ദിക്കുകയുമായിരുന്നു.
ഇടിവള പ്രയോഗത്തില്‍ മുഹമ്മദ് ഷാഫിയുടെ താടിയെല്ല് തകരുകയും മുന്‍വരിയിലെ നാല് പല്ലുകള്‍ ഇളകിപ്പോവുകയും ചെയ്തു. നെറ്റിയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പ്രവീണിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറില്‍ ആന്തരിക രക്തസ്രാവവുമുണ്ട്. നിസാമിന്റെ മൂക്കിനും ചുണ്ടിനും സാരമായി പരിക്കേറ്റു.
Tags : assaulted case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash