National
ഗോഹട്ടി: ആസാമിൽ കോൺഗ്രസ് സ്ഥാനാർഥിയെ ക്രൂരമായി ആക്രമിച്ച് ഒരുസംഘമാളുകൾ. സോണിത്പൂരിലെ നടുവാർ നിയോജകമണ്ഡലത്തിലാണ് സംഭവം.
ഓൾ അസം ഗൂർഖ സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റായ സുനിൽ ഛേത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി, റോഡുകൾ ഉപരോധിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച കോൺഗ്രസ് നേതൃത്വം, ആക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
സംഭവത്തിൽ ആസം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ് പ്രതിഷേധം അറിയിച്ചു. പാർട്ടി സ്ഥാനാർഥികൾക്ക് സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് അറിയിച്ചു.
Kerala
പത്തനംതിട്ട: കളിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ വിദ്യാര്‍ഥിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. പത്തനംതിട്ട കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം കൂടല്‍ പോലീസില്‍ പരാതി നല്കി. മർദനത്തിൽ 16കാരന്റെ മൂക്കിന് പൊട്ടലും കണ്ണിനും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മകനെ മർദിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
സംഭവം ഒതുക്കി തീര്‍ക്കാന്‍ ചില ഇടപെടലുകള്‍ നടന്നതായും കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
മഞ്ചേരി: ദളിത് യുവാവിനെ വീട്ടിൽ അതിക്രമിച്ച് കയറി സംഘം ചേർന്ന് മർദിച്ച് അവശനാക്കിയ സംഭവത്തിൽ ആരോപണ വിധേയരായവർക്കെതിരെ മഞ്ചേരി പോലീസ് കേസെടുക്കാത്തതിൽ മാതാവിന്റെ പ്രതിഷേധം. ജില്ലാ കളക്ടർക്കും പോലീസ് മേധാവിക്കും പരാതി നൽകുമെന്നും വനിത കമ്മീഷനെ സമീപിക്കുമെന്നും പരിക്കേറ്റ വിനേഷിന്റെ മാതാവ് ലക്ഷ്മി പറഞ്ഞു.
അയൽവാസികളായ 10 അംഗ സംഘം രാത്രിയിൽ വീട്ടിൽ നിന്ന് വിനേഷിനെ ഇറക്കികൊണ്ടുപോയി മർദിച്ച് അവശനാക്കിയെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അക്രമത്തിൽ വിനേഷിന്റെ കാൽ എല്ല് തകർന്നിരുന്നു. ഞായറാഴ്ച രാത്രി തന്നെ വിനേഷിനെ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.