പ്രതീകാത്മക ചിത്രം
കൊച്ചി: ചേരാനല്ലൂർ പഞ്ചായത്തിലെ ചിറ്റൂർ മേഖലയിലും കൊച്ചി കോർപറേഷനിലെ വടുതല പ്രദേശത്തും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ടി.ജെ. വിനോദ് എംഎൽഎ ജലവിതരണ മന്ത്രി മോൻസ് ജോസഫിന് കത്ത് നൽകി. പ്രദേശത്തെ കുടിവെള്ളക്ഷാമം സംബന്ധിച്ച് ദീപിക വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് നടപടി.
ഒരു മാസത്തോളമായി ചിറ്റൂർ, വടുതല പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുകയാണ്. കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾ വലിയ ദുരിതമാണ് നേരിടുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം ഉറപ്പാക്കുന്നതിനായി അടിയന്തരമായി ഇടപെടണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി പ്രശ്നത്തിന് പരിഹാരം കാണണമെന്നുമാണ് എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടത്.
ഫോണിൽ ബന്ധപ്പെട്ടപ്പോൾ വാട്ടർ അഥോറിറ്റി എംഡിയെ പ്രശ്ന പരിഹാരത്തിനായി ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചെന്നും എംഎൽഎ പറഞ്ഞു. കുടിവെള്ള പ്രശ്നം സംബന്ധിച്ച് കളക്ടറുടെ നേതൃത്വത്തിൽ 10ന് യോഗം വിളിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ജനപ്രതിനിധികളും കേരള വാട്ടർ അഥോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.