പ്രതീകാത്മക ചിത്രം
കൊച്ചി: കേരള പൊലിസ് സ്പോര്‍ട്സ് മീറ്റ് 2026 ന്റെ ഭാഗമായി ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന മാരത്തണിനോടനുബന്ധിച്ച് കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
സംസ്ഥാനത്തുടനീളം പര്യടനം നടത്തി ദീപശിഖാ പ്രയാണം ഇന്ന് വൈകുന്നേരം നാലിന് കളമശേരി ഡെക്കാത്തലണിനു സമീപം എത്തും. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന് ദീപശിഖ ഏറ്റുവാങ്ങും. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെയും സൈക്കിളുകളുടെയും അകമ്പടിയോടെ ആയിരത്തോളം മാരത്തണ്‍ ഓട്ടക്കാരുടെ പങ്കാളിത്തത്തോടെ ഇടപ്പള്ളി - പാലാരിവട്ടം വഴി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ദീപശിഖ എത്തിക്കും. സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍ ദീപശിഖ ഏറ്റുവാങ്ങും.
ദീപശിഖാ പ്രയാണവും മാരത്തണ്‍ സംഘവും കടന്നുപോകുന്ന കളമശേരി എസ് സിഎംഎസ് മുതല്‍ കലൂര്‍ സ്റ്റേഡിയം വരെയുള്ള ഭാഗങ്ങളില്‍ എന്‍എച്ച്-544, ആലുവ - എറണാകുളം പിഡബ്ല്യുഡി റോഡ്, സ്റ്റേഡിയം പരിസരം എന്നിവിടങ്ങളില്‍ ഇന്ന് വൈകുന്നേരം മൂന്നു മുതല്‍ ഏഴുവരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. യാത്രക്കാര്‍ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കുകയും ബദല്‍ റോഡുകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്ന് കൊച്ചി സിറ്റി പൊലിസ് അറിയിച്ചു.