പ്രതീകാത്മക ചിത്രം
കൂത്താട്ടുകുളം: രാമപുരം കവലയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പിന്നിലും പൊതുസ്ഥലങ്ങളിലും സാമൂഹികവിരുദ്ധർ മാലിന്യം തള്ളുന്നത് വ്യാപകമായതിനെ തുടർന്ന് ലഭിച്ച പരാതിയിൽ നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. പത്രസ്ഥാപനങ്ങൾ ഉൾപ്പടെ പ്രവർത്തിക്കുന്ന വാണിജ്യ സമുച്ചയത്തിന്റെ പിൻവശത്തും കൂത്താട്ടുകുളം സിഎസ്ഐ പള്ളിയോടു ചേർന്ന ഭാഗത്തും മാലിന്യം കുന്നുകൂടിയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയെ തുടർന്നാണ് ഉദ്യോഗസ്ഥർ നടപടിയെടുത്തത്.
അടുക്കള മാലിന്യങ്ങൾ, ഉപയോഗശൂന്യമായ പച്ചക്കറികൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയ്ക്ക് പുറമെ മദ്യക്കുപ്പികൾ, ഐസ്ക്രീം കപ്പുകൾ, പഴയ ചെരുപ്പുകൾ തുടങ്ങിയ അജൈവ മാലിന്യങ്ങളാണ് കെട്ടിടത്തിന് പിന്നിൽ തള്ളിയിരുന്നത്. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സിഎസ്ഐ പള്ളിയുടെ കോമ്പൗണ്ടിൽ മറ്റ് രണ്ടിടങ്ങലിൽ കൂടി സമാനമായ രീതിയിൽ മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തി.
ഇതിനുപുറമേ രാമപുരം കവലയിലെ ബോട്ടിൽ ബൂത്തിനുള്ളിലും സാമൂഹികവിരുദ്ധർ മാലിന്യം തള്ളിയിട്ടുണ്ട്. രാത്രിയുടെ മറവിലാണ് മാലിന്യം തള്ളുന്നതെന്നാണ് നിഗമനം. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വിഭാഗം.
രാമപുരം കവലയിൽ ജോൺകോ ഹാർഡ്വെയറിന് പിൻവശത്തുകൂടി കടന്നുപോകുന്ന പൊതുഓടയിൽ നിന്നും കനത്ത ദുർഗന്ധം വമിക്കുന്നതായുള്ള പരാതിയിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. മലിനജലം ഒഴുകിയെത്തുന്ന ഉറവിടം കണ്ടെത്താൻ ശ്രമിച്ചെങ്കിലും പ്രാഥമിക പരിശോധനയിൽ വ്യക്തമായില്ല. വരും ദിവസങ്ങളിൽ ഈ ഭാഗത്ത് കൂടുതൽ വിശദമായ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി. അനീഷ് ദേവ്, സി.എസ്. ശ്രീജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags : waste dumping nattuvishesham local news Complaint regarding