പഞ്ചായത്ത് മെംബർ റെൻസി ജോയ്സിന് നിവേദനം നൽകുന്നു.
വടക്കഞ്ചേരി: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള ആശങ്കകൾ ചർച്ച ചെയ്യുന്നതിനും പരിഹാര നടപടികൾക്കുമായി അടിയന്തരമായി പ്രത്യേക ഗ്രാമസഭകൾ വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ട് പ്രശ്നബാധിത പ്രദേശങ്ങളിലെ ജനങ്ങൾ ഒപ്പുശേഖരണം നടത്തി പഞ്ചായത്ത് മെംബർമാർക്ക് നിവേദനം നൽകുന്ന നടപടി തുടരുകയാണ്. കിഫ ജില്ലാ കമ്മിറ്റി അംഗം ചാർളി മാത്യുവിന്റെ പാലക്കുഴി വാർഡിലെ വോട്ടർമാർ ഒപ്പിട്ട നിവേദനം മെംബർ റെൻസി ജോയ്സിന് നൽകി.
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ജനങ്ങളിൽ വലിയആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ എട്ടിന് നടക്കുന്ന കിഴക്കഞ്ചേരി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യും.
യോഗ അജണ്ടയിൽ നാലാമത്തെ വിഷയമായുള്ളത് കസ്തൂരിരംഗൻ ഇഎസ്ഐ വിജ്ഞാപനം സംബന്ധിച്ചുള്ളതാണ്. ഈ യോഗത്തിലാകും പ്രത്യേക ഗ്രാമസഭകൾ ചേരുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എം. കലാധരൻ പറഞ്ഞു. ജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നടപടി അംഗീകരിക്കില്ല. കർഷകസംഘം ഉൾപ്പെടെയുള്ള സംഘടനകളും വിഷയത്തിൽ സമരരംഗത്തുണ്ടെന്ന് പ്രസിഡന്റ് കലാധരൻ അറിയിച്ചു.
പ്രശ്നബാധിതമാകാൻ സാധ്യതയുളള പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ ഒപ്പിട്ടു നൽകുന്ന നിവേദനങ്ങൾ അതാത് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് കൈമാറേണ്ടതുണ്ട്. എന്നാൽ മാത്രമെ സ്പെഷൽ ഗ്രാമസഭ വിളിച്ചുകൂട്ടലും വിഷയം ചർച്ച ചെയ്ത് പ്രമേയം പാസാക്കുന്ന നടപടികളും നടത്താനാകു.
27 നകം പരാതികളും പ്രമേയങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നൽകണമെന്നാണ് നിർദേശമുള്ളത്. ജൂലൈ 27ന് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ഇഎസ്എ കരട് വിജ്ഞാപനം സംബന്ധിച്ച് ചർച്ച, അതിൽ തീരുമാനമെടുക്കൽ, തീരുമാനങ്ങൾ പ്രമേയമായി അവതരിപ്പിച്ച് അംഗീകരിക്കൽ തുടങ്ങിയ വിഷയങ്ങളാണ് പ്രത്യേക ഗ്രാമസഭയിൽ അജണ്ടയായി നിർദേശിക്കുന്നത്.
ജില്ലയിൽ മാത്രം 13 വില്ലേജുകളാണ് പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി പരിസ്ഥിതി ലോലപരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 13 വില്ലേജുകളിലായി 150 ഓളം വാർഡുകൾ പ്രശ്ന സാധ്യതാ പട്ടികയിലുണ്ട്.
Tags : Ecologically Sensitive Area NattuVishasham DistrictNews