പ്രതീകാത്മക ചിത്രം
നിലമ്പൂർ: ശല്യക്കാരായ കാട്ടാനകളെ കാടുകയറ്റാനുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഒന്നാം ഘട്ടം വനംവകുപ്പ് ഊർജിതമാക്കി. ദൗത്യത്തിനായി വയനാട്ടിൽ നിന്ന് ഡ്രോൺ എത്തിച്ച് നിരീക്ഷണം തുടങ്ങി. വ്യാഴാഴ്ച്ച വൈകീട്ടോടെ ചാലിയാർമുക്ക്, പൊക്കോട്, കാനക്കുത്ത്, ചാത്തുംപുറായി ഭാഗങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായിരുന്നില്ല നിരീക്ഷണം ഇന്നും തുടരും.
ദൗത്യത്തിനിടയിലും ഇന്നലെ പുലർച്ചെ തണ്ണിപൊയിൽ ഭാഗത്ത് കാട്ടാനകൾ പനകൾ തകർത്തു. അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.പി. അഭിലാഷ്, നിലമ്പൂർ ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ രാജേഷ്, കാഞ്ഞിരപ്പുഴ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി.എൻ. സജീവൻ, എടക്കോട് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 80 പേരടങ്ങുന്ന സംഘമാണ് ദൗത്യത്തിലുള്ളത്.
ചാലിയാർ പഞ്ചായത്തിലെ ജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് കഴിഞ്ഞ 12നാണ് നിലമ്പൂർ നോർത്ത് ഡിഎഫ്ഒയുടെ നേതൃത്വത്തിൽ ഒന്നാം ഘട്ട സ്പെഷ്യൽ ഡ്രൈവ് തുടങ്ങിയത്. ചാത്തുംപുറായി 2018 തേക്ക് പ്ലാന്റേഷനിലും ചാലിയാർമുക്കിലും ആനകളെ കണ്ടെത്തിയിരുന്നെങ്കിലും തുരത്താനുള്ള തയ്യാറെടുപ്പുകൾക്കിടെ ഇവ കാട്ടിൽ ഒളിക്കുകയായിരുന്നു. കഴിഞ്ഞ ഒൻപത് ദിവസമായി വനപാലകർ ദൗത്യം തുടരുകയാണ്.
എടക്കോട്, മൂവായിരം വനമേഖലകളിലൂടെ പന്തീരായിരം വനത്തിലേക്ക് ആനകളെ കയറ്റിവിട്ടാലും ദിവസങ്ങൾക്കുള്ളിൽ അവ മടങ്ങിയെത്താൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക. മയക്കുവെടി വെച്ച് പിടികൂടി മറ്റ് വനമേഖലകളിലേക്ക് മാറ്റിയാൽ മാത്രമേ ശാശ്വത പരിഹാരമാകൂ എന്നും ആവശ്യമുയരുന്നുണ്ട്.
Tags : elephants back into the forest Nattuvishesham DistrictNews