പ്രതീകാത്മക ചിത്രം
നിലമ്പൂർ: തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരെ കണ്ടെത്തി സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്നതിനായി സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന സ്മൈൽ പദ്ധതിയുടെ ഭാഗമായി നിലമ്പൂർ, വണ്ടൂർ മേഖലകളിൽ നടത്തിയ പരിശോധനയിൽ നാല് പേരെ കണ്ടെത്തി. നിലമ്പൂർ മാരിയമ്മൻ കോവിൽ പരിസരം, നിലമ്പൂർ ബസ് സ്റ്റാൻഡ്, വണ്ടൂർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു രക്ഷാപ്രവർത്തനം.
നിലമ്പൂർ മാരിയമ്മൻ കോവിൽ പരിസരത്തുനിന്ന് കണ്ടെത്തിയ കാഴ്ചപരിമിതിയുള്ള 75 വയസ്സുകാരിയെ പൊലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തി കൂട്ടിക്കൊണ്ടുപോയി. ഇനി ഭിക്ഷാടനത്തിന് വിടില്ലെന്നും സംരക്ഷിച്ചുകൊള്ളാമെന്നും കുടുംബാംഗങ്ങൾ പൊലിസിൽ ഉറപ്പുനൽകി. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് നടക്കാൻ പ്രയാസമുള്ള 55 വയസുകാരിയെയും നിലമ്പൂരിൽനിന്ന് കണ്ടെത്തി.
നിലമ്പൂർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് മമ്പാട് സ്വദേശിയായ 70 വയസുകാരനെയും വണ്ടൂർ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് തമിഴ്നാട് സേലം സ്വദേശിനിയായ 65 വയസുകാരിയെയുമാണ് കണ്ടെത്തി പുനരധിവാസ നടപടികൾ സ്വീകരിച്ചത്. ആരോഗ്യപരിചരണം, മാനസിക പിന്തുണ, സുരക്ഷിത താമസം, തൊഴിൽ-ഉപജീവന മാർഗങ്ങൾ എന്നിവയിലൂടെ അന്തസുള്ള ജീവിതത്തിലേക്ക് ഇവരെ തിരിച്ചുകൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം.
കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാ നോഡൽ ഓഫിസറും സാമൂഹികനീതി ഓഫിസറുമായ സമീർ മച്ചിങ്ങലിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. പ്രോജക്ട് കോ-ഓർഡിനേറ്റർ പി. ഹസ്ന, കൗൺസിലർ സിൻഷ മോൾ, ഡ്രൈവർ അബ്ദുൽ ലത്തീഫ്, കെയർടേക്കർ സനൽ കുമാർ, ട്രോമാകെയർ വോളന്റിയർ യൂനുസ് രാമൻകുത്ത് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരെ ശ്രദ്ധയിൽപ്പെട്ടാൽ പദ്ധതി പ്രതിനിധികളെ വിവരമറിയിക്കണമെന്ന് നോഡൽ ഓഫിസർ അഭ്യർഥിച്ചു.
Tags : Begging Nattuvishesham DistrictNews Four people rehabilitated