പമ്പയിൽ എത്തിയ നൂറുദീൻ
കണമല: 2500 കിലോമീറ്റർ യാത്ര ചെയ്ത് പമ്പയിലെത്തിയ നൂറുദീൻ മല കയറാനാകാതെ മടങ്ങി. ബിഹാർ സ്വദേശിയായ നൂറുദീൻ (29) തീർഥാടന കാലത്തിന്റെ തുടക്കത്തിൽ അയ്യപ്പദർശനം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് യാത്ര ആരംഭിച്ചത്. ബിഹാറിൽനിന്ന് ട്രെയിൻ മാർഗം തിരുവല്ലയിലെത്തിയ ശേഷം അവിടെനിന്ന് സ്വന്തം മുച്ചക്രവാഹനത്തിൽ റോഡ് മാർഗം ആറു ദിവസം സഞ്ചരിച്ചാണ് പമ്പയിലെത്തിയത്.
എന്നാൽ, പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള കുത്തനെയുള്ള കയറ്റം മുച്ചക്രവാഹനത്തിൽ കയറാനാകില്ലെന്നു പൊലിസ് ഉദ്യോഗസ്ഥർ അറിയിച്ചതോടെ യാത്ര അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. യാത്രയ്ക്കിടെ നിരവധി പ്രതിസന്ധികളും പ്രയാസങ്ങളും നൂറുദീന്‍ നേരിടേണ്ടിവന്നു. വഴിയിലുടനീളം ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കാനും യാത്ര തുടരാനുള്ള സൗകര്യങ്ങൾ ഒരുക്കാനും നിരവധി സുമനസുകൾ സഹായിച്ചു.
അയ്യപ്പദർശനം എന്ന വലിയ ആഗ്രഹവുമായി ആയിരക്കണക്കിന് കിലോമീറ്ററുകൾ പിന്നിട്ട നൂറുദീന്റെ യാത്ര ലക്ഷ്യത്തിലെത്തിയില്ലെങ്കിലും നിശ്ചയദാർഢ്യവും യാത്രയ്ക്കു പിന്നിലെ ആത്മവിശ്വാസവും ശ്രദ്ധേയമാണ്. ആഗ്രഹങ്ങൾക്കു മുന്നിൽ പ്രതിസന്ധികൾ തടസമാകില്ലെന്നു തെളിയിക്കുന്ന യാത്രയായി നൂറുദീന്റെ ശബരിമല യാത്ര.
Tags : Noordeen NattuVishesham DistricteNews