പ്രതീകാത്മക ചിത്രം
എടക്കര: ഗ്രാമപഞ്ചായത്തിലെ ശങ്കരംകുളത്ത് പുലിയെ കണ്ടതായുള്ള പ്രദേശവാസിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ വീടിന് മുകളിൽ ടെറസിൽ നിൽക്കുമ്പോൾ ചെടികൾക്കിടയിൽ പുലിയെ കണ്ടതായാണ് ഇയാൾ വിവരം നൽകിയത്.
ഇതേത്തുടർന്ന് പോത്തുകൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഗണേഷ്കുമാർ, വിനോദ്, സുജിത്ത് എന്നിവരടങ്ങിയ സംഘം രാത്രി പരിശോധന നടത്തിയിരുന്നു. തുടർന്ന് ഇന്നലെ രാവിലെ സ്ഥലത്തെത്തി വീണ്ടും പരിശോധന നടത്തിയെങ്കിലും പുലിയുടെ കാൽപാടുകൾ കണ്ടെത്താനായില്ല. പ്രദേശത്ത് പരിശോധന തുടരുമെന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു.
മണിമൂളിയിൽ അജ്ഞാത ജീവിയുടെ ആക്രമണം:കാമറയിൽ ദൃശ്യങ്ങളില്ല
എടക്കര: മണിമൂളി രണ്ടാംപാടത്ത് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് സ്ഥാപിച്ച കാമറ ട്രാപ്പുകളിൽ ജീവികളുടെ സാന്നിധ്യം കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടാംപാടം കല്ലുകുളം കുഞ്ഞ തോമസിന്റെ വളർത്തുനായ, അയൽവാസിയായ പള്ളത്ത് ജോൺസന്റെ മൂന്ന് താറാവുകൾ, ഏറാത്ത് പറമ്പിൽ ഷിബുവിന്റെ രണ്ട് കോഴികൾ എന്നിവയെയാണ് തുടർച്ചയായ ദിവസങ്ങളിൽ അജ്ഞാത ജീവി കടിച്ചുകൊന്നത്.
പട്ടിപ്പുലിയാണ് വളർത്തുമൃഗങ്ങളെ പിടികൂടിയതെന്നാണ് വനം ഉദ്യോഗസ്ഥരുടെ നിഗമനം. തുടർന്ന് നാല് ഇടങ്ങളിലായി കാമറ ട്രാപ്പുകൾ സ്ഥാപിച്ചെങ്കിലും ഒന്നിലും ദൃശ്യങ്ങൾ പതിഞ്ഞില്ല.
നെല്ലിക്കുത്ത് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സായ് ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ. അൻഷിദ, കെ. സലാഹുദീൻ, കെ.എസ്. ബിജു, വാച്ചർ ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാമറകൾ പരിശോധിച്ചത്. വന്യമൃഗ ശല്യം രൂക്ഷമായതോടെ മേഖലയിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.