പ്രതീകാത്മക ചിത്രം.
ഷിക്കാഗോ: ചർമത്തെ ബാധിക്കുന്ന മാരകമായ മെലനോമ കാൻസറിനെതിരേ അമേരിക്കൻ മരുന്നു നിർമാണ കമ്പനികളായ മോഡേണയും മെർക്കും ചേർന്നു വികസിപ്പിച്ച വ്യക്തിഗത എംആർഎൻഎ കാൻസർ വാക്സിന്റെ അവസാനഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയായി. ശസ്ത്രക്രിയയ്ക്കുശേഷവും കാൻസർ തിരികെ വരാനുള്ള സാധ്യതയും ശരീരത്തിലുടനീളം പടരാനുള്ള സാധ്യതയും തടയാൻ ഈ വാക്സിനു സാധിക്കുമെന്നു ക്ലിനിക്കൽ പരീക്ഷണങ്ങൾ തെളിയിച്ചു. കാൻസർ പ്രതിരോധരംഗത്ത് വലിയൊരു മാറ്റത്തിനാണ് ഈ നേട്ടം വഴിയൊരുക്കുന്നത്.
ചർമത്തിനു നിറം നൽകുന്ന മെലനോസൈറ്റ് കോശങ്ങളെ ബാധിക്കുന്ന മാരകമായ കാൻസറാണു മെലനോമ. ആകെ ചർമ കാൻസറുകളിൽ ഒരു ശതമാനം മാത്രമാണ് മെലനോമയെങ്കിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വേഗത്തിൽ പടരുന്നതിനാൽ ഏറ്റവും കൂടുതൽ മരണങ്ങൾക്കു കാരണമാകുന്നതും ഇതാണ്.
മികച്ച ഫലപ്രാപ്തി
1,137 രോഗികളിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തിൽ മെർക്കിന്റെ 'കീട്രൂഡ' എന്ന ഇമ്മ്യൂണോതെറാപ്പി മരുന്നിനൊപ്പം ഈ വാക്സിൻ നൽകിയപ്പോൾ കാൻസർ വീണ്ടും വരാനുള്ള സാധ്യത 49% മുതൽ 60% വരെ കുറഞ്ഞതായി കണ്ടെത്തി. കീട്രൂഡ മാത്രം നൽകുന്നതിനേക്കാൾ കാൻസർ മറ്റു ഭാഗങ്ങളിലേക്കു പടരാനുള്ള സാധ്യത 59% കുറയ്ക്കാനും ഈ കൂട്ടുകെട്ടിനു സാധിച്ചു.
പരമ്പരാഗത കീമോതെറാപ്പി നല്ല കോശങ്ങളെയും നശിപ്പിക്കുമ്പോൾ, സാധാരണ വാക്സിനുകളിൽനിന്നു വ്യത്യസ്തമായി ഓരോ രോഗിയുടെയും ട്യൂമറിലെ പ്രത്യേക ജനിതക വ്യതിയാനങ്ങൾ പരിശോധിച്ച് അവർക്കായി പ്രത്യേകം രൂപകല്പന ചെയ്യുന്നതാണ് ഈ വാക്സിൻ. ഇതു ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയ്ക്കു വ്യക്തമായ നിർദേശം നൽകി, കാൻസർ കോശങ്ങളെ മാത്രം കൃത്യമായി കണ്ടെത്തി നശിപ്പിക്കാൻ സഹായിക്കുന്നു.
മറ്റു കാൻസറുകളിലേക്കും പരീക്ഷണം
മെലനോമയ്ക്കുപുറമെ ശ്വാസകോശം, ബ്ലാഡർ, വൃക്ക, സ്തനാർബുദം, പാൻക്രിയാസ്, വയർ, വൻകുടൽ എന്നിവയെ ബാധിക്കുന്ന കാൻസറുകൾക്കെതിരേയും എംആർഎൻഎ വാക്സിനുകൾ വികസിപ്പിച്ചുവരികയാണ്. റോഷ്, ബയോഎൻടെക് എന്നീ കമ്പനികളും ഈ രംഗത്തു സജീവമാണ്.
സാധാരണ വാക്സിൻ എടുക്കുമ്പോൾ ഉണ്ടാകുന്ന നേരിയ ലക്ഷണങ്ങളല്ലാതെ മറ്റു ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഇതിൽ കണ്ടെത്തിയിട്ടില്ല. ഓരോ രാജ്യങ്ങളിലെയും നിയന്ത്രണ ഏജൻസികളുടെ സാങ്കേതിക അനുമതികൾ ലഭിക്കുന്നതോടെ വരും വർഷങ്ങളിൽ ഈ ചികിത്സാരീതി വിപണിയിലെത്തുമെന്നും ലക്ഷക്കണക്കിനു കാൻസർ രോഗികൾക്ക് ഇതു പുതിയ പ്രതീക്ഷ നൽകുമെന്നും കരുതപ്പെടുന്നു.
മോഡേണയുടെ ഓഹരിയിൽ കുതിച്ചുചാട്ടം
മെർക്കുമായി ചേർന്നു വികസിപ്പിച്ച വ്യക്തിഗത എംആർഎൻഎ കാൻസർ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം വൻ വിജയമായതോടെ മരുന്നു നിർമാണ കമ്പനിയായ മോഡേണയുടെ ഓഹരിമൂല്യം 150 ശതമാനത്തോളം കുതിച്ചുയർന്നു. മെർക്കിന്റെ ഓഹരിമൂല്യം 11 ശതമാനത്തിലധികം ഉയർന്നു.
2027ഓടെ മെലനോമ രോഗികൾക്ക് ഈ ചികിത്സ ലഭ്യമാക്കാൻ സാധിക്കുമെന്നു മോഡേണ പ്രസിഡന്റ് സ്റ്റീഫൻ ഹോജ് വ്യക്തമാക്കി.
Tags : Revolution Treatment MelanomaCancer vaccine HealthTips