പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് തിരുവനന്തപുരം നോർത്തിൽനിന്ന് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. തിരുവനന്തപുരം നോർത്ത് - വേളാങ്കണ്ണി റൂട്ടിലും തിരിച്ചുമായി രണ്ട് സർവീസുകൾ വീതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 29 മുതൽ ആരംഭിക്കുന്ന സർവീസിന്റെ റിസർവേഷൻ ആരംഭിച്ചു.
തിരുവനന്തപുരം നോർത്ത് - വേളാങ്കണ്ണി സ്പെഷ്യൽ എക്സ്പ്രസ് (06115) 29, സെപ്റ്റംബർ അഞ്ച് തീയതികളിൽ സർവീസ് നടത്തും. 29ന് വൈകുന്നേരം 7.35ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 8.40ന് വേളാങ്കണ്ണിയിലെത്തും.
തിരിച്ചുള്ള വേളാങ്കണ്ണി-തിരുവനന്തപുരം സ്പെഷ്യൽ എക്സ്പ്രസ് (06116) 30, സെപ്റ്റംബർ ആറ് തീയതികളിലാണ് സർവീസ് നടത്തുക. 30ന് വൈകുന്നേരം 7.30ന് വേളാങ്കണ്ണിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 7.30ന് തിരുവനന്തപുരം നോർത്തിൽ എത്തും.
നെയ്യാറ്റിൻകര, കുഴിത്തുറ, ഇരണിയൽ, നാഗർകോവിൽ ടൗൺ, വള്ളിയൂർ, നാങ്കുനേരി, തിരുനെൽവേലി, കോവിൽപട്ടി, സാത്തൂർ, വിരുദുനഗർ, മധുര, ദിണ്ടിഗൽ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകൾ.
ഉത്സവകാലത്തെ അധിക യാത്രാത്തിരക്ക് കണക്കിലെടുത്താണ് ദക്ഷിണ റെയിൽവേ സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ചത്. നേരത്തെ എറണാകുളം ജംഗ്ഷൻ-വേളാങ്കണ്ണി റൂട്ടിലും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരുന്നു. 27, സെപ്റ്റംബർ മൂന്ന്, 10 തീയതികളിലാണ് ഈ സർവീസ് നടത്തുക.
Tags : Velankanni Festival Special Train Southern Railway Indian Railways Velankanni Church