അറസ്റ്റിലായ പ്രതികൾ
ആലപ്പുഴ: കുത്തിയതോട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ടിഎൻടി ചിട്ടി സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപകരെ കബളിപ്പിച്ച് രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഉടമകളും സഹോദരങ്ങളുമായ പ്രതികൾ പിടിയിൽ. നെൽസൺ തോമസ് (50), ടെൽസൺ തോമസ് (51) എന്നിവരാണ് പിടിയിലായത്.
ചേർത്തല ഡിവൈഎസ്പി മഞ്ചുലാലിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും കുത്തിയതോട് പൊലിസും ചേർന്നാണ് കോട്ടയത്തുനിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി അഞ്ഞൂറിലധികം കേസുകളിൽ ഇവർ പ്രതികളാണ്.
2019-ൽ രജിസ്റ്റർ ചെയ്ത കേസിൽ കുത്തിയതോട് പൊലിസ് അന്വേഷണം പൂർത്തിയാക്കി 40 കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു. 13 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസിൽ മൂന്നുപേർ വിചാരണയ്ക്കിടെ മരിച്ചു.
ജാമ്യത്തിൽ ഇറങ്ങിയ ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ താമസിച്ചുവരികയായിരുന്നു മുഖ്യപ്രതികളായ നെൽസൺ തോമസും ടെൽസൺ തോമസും. ഇവർ ഒളിവിൽ പോയതിനെ തുടർന്ന് കേസിന്റെ വിചാരണ തടസപ്പെട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആലപ്പുഴ ജില്ലാ പൊലിസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരമാണ് അന്വേഷണം ഊർജിതമാക്കിയത്.
കുത്തിയതോട് സിഐ ജിജിൻ ജോസഫ്, എസ്ഐ രാജീവ്, ചേർത്തല ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ ഗിരീഷ്, അരുൺ, പ്രവീഷ്, കുത്തിയതോട് സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥനായ പ്രവീൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Tags : chitty fraud Main accused siblings arrested