എംഡിഎംഎയുമായി പിടിയിലായവർ
കോഴിക്കോട്: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില് കോഴിക്കോട് പാളയത്തെ സ്വകാര്യ ലോഡ്ജില് നിന്നും വില്പ്പനക്കായി സൂക്ഷിച്ച 4.850 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര് പള്ളിക്കുന്ന് സ്വദേശി പൂതുരുത്തി വീട്ടില് റസല് (25), കോഴിക്കോട് നല്ലളം സ്വദേശി കൈക്കോട്ടുംപാടം വീട്ടില് മര്ഷൂക്ക് (33) എന്നിവരെ സിറ്റി നാര്ക്കോട്ടിക് സെല് അസി: കമ്മിഷണര് ജീവന് ജോര്ജിന്റെ നേതൃത്വത്തിലുള്ള ഡാന്സാഫും കസബ പൊലിസും ചേര്ന്ന് പിടികൂടി.
ലഹരി ഉപയോഗിക്കുന്നതിന് ആവശ്യമായ ഗ്ലാസ് ട്യൂബ്, ലഹരി വില്പന നടത്തുന്നതിന് ആവശ്യമായ 60 ഓളം സിപ് ലോക്ക് കവറുകള് എന്നിവ ലോഡ്ജില് നിന്ന് കണ്ടെടുത്തു. അസി. കമ്മിഷണര്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് ചൊവ്വാഴ്ച രാത്രിയാണ് റെയ്ഡ് നടത്തിയത്.
പ്രതികള് മയക്കുമരുന്ന് മൊത്തവില്പ്പനക്കാരില് നിന്ന് ചെറിയ അളവില് മയക്കുമരുന്ന് വാങ്ങിച്ച് കോഴിക്കോട് പാളയം, പുതിയ ബസ് സ്റ്റാന്റ് തുടങ്ങിയ ഭാഗങ്ങളില് വില്പ്പന നടത്തുന്നവരില് പ്രധാനികളാണ്. സ്വകാര്യ ലോഡ്ജുകളില് മുറിയെടുത്ത് എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കി ചില്ലറ വില്പന നടത്തി വരുന്നതാണ് പ്രതികളുടെ രീതി.
കസബ പൊലിസ് സ്റ്റേഷന് സബ്ബ് ഇന്സ്പെക്ടര്മാരായ റിനീഷ്, രാകേഷ്, രതീഷ്, സീനീയര് സിവില് പൊലിസ് ഓഫീസര്മാരായ ദീപു, സജീവ്, ജിതിന്, ഡാന്സാഫ് അസിസ്റ്റന്റ് സബ്ബ് ഇന്സ്പെക്ടര് അഖിലേഷ്, സിവില് പൊലിസ് ഓഫിസര്മാരായ സുനോജ്, തൗഫീഖ്, ദിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തില് ഉണ്ടായിരുന്നത്.
Tags : MDM seized Kozhikode town lodge youths arrested police