പത്മശ്രീ ചെറുവയൽ രാമൻ
കോഴിക്കോട്: പത്മശ്രീ പുരസ്കാര ജേതാവും പൈതൃക നെല്വിത്തുകളുടെ സംരക്ഷകനുമായിരുന്ന വയനാട്ടിലെ ആദിവാസി കര്ഷകന് ചെറുവയല് രാമന് (74) അന്തരിച്ചു. കോഴിക്കോട് മെഡിക്കല് കോളജില് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം. 2011ല് ഹൈദരാബാദില് നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള 11 രാജ്യങ്ങളുടെ സമ്മേളനത്തില് കേരളത്തിലെ കര്ഷകരെ പ്രതിനിധീകരിച്ചത് ചെറുവയല് രാമനായിരുന്നു. 2023 ല്റിപ്പബ്ളിക്ക് ദിനത്തില് ഭാരതസര്ക്കാര് പത്മശ്രീ നല്കി ആദരിച്ചു.
നെല്ലിനങ്ങളുടെ ജീന്ബാങ്കര് ആയിട്ടാണ് ചെറുവയല് രാമന് അറിയപ്പെട്ടിരുന്നത്. കുറിച്യസമുദായത്തില്പ്പെട്ട ഇദ്ദേഹം 45 ലധികം നെല്ല് ഇനങ്ങള് കൃഷിചെയ്ത് സംരക്ഷിച്ചിരുന്നു. നെല്വിത്തുകള് കൂടാതെ പരമ്പരാഗത പച്ചക്കറി ഇനങ്ങളും ഔഷധ സസ്യങ്ങളും വിവിധ വൃക്ഷങ്ങളും ഇദ്ദേഹം തന്റെതോട്ടത്തില് സംരക്ഷിച്ചിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില് നിന്നുള്ള വിദ്യാര്ഥികളും ഗവേഷകരും കര്ഷകരും ചെറുവയല് രാമന്റെ കൃഷിയിടം സന്ദര്ശിക്കാനെത്തുന്നുണ്ട്.
സര്ക്കാര് ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക്
1952 ജൂണ് ആറിന് ജനിച്ച ചെറുവയല് രാമന്റെ കുട്ടിക്കാലം ഇല്ലായ്മകളുടേതായിരുന്നു. കമ്മന നവോദയ എല്പി സ്കൂളില് അഞ്ചാം ക്ലാസ് വരെ മാത്രം പഠിച്ചു. പത്താം വയസുമുതല് കാര്ഷിക ജീവിതത്തിലേക്ക് വഴിമാറി. 1969 ല് എംപ്ലോയ്മെന്റ് എക്ചേഞ്ച് മുഖേന കണ്ണൂര് ഡിഎംഒ.ഓഫീസില് വാര്ഡനായി ജോലി കിട്ടിയെങ്കിലും കൃഷി ഉപേക്ഷിക്കാന് താല്പര്യമില്ലാത്തതിനാല് ജോലി വേണ്ടെന്നുവച്ചു.
ശ്രദ്ധേയമായി വിത്ത് സംരക്ഷണ രീതികള്
ചെറുവയല് രാമന്റെ വിത്ത് സംരക്ഷണ രീതികള് ശ്രദ്ധേയമാണ്.
വിളവെടുത്ത നെല്ല് ഒരാഴ്ചക്കാലംവെയിലും മഞ്ഞും കൊള്ളിക്കുന്നു. തുടര്ന്ന് മുളങ്കൂട്ട ചൂടാക്കി വെയിലിന്റെ ചൂടോടെ നെല്ലിനെ അതില് സംഭരിക്കും. വൈക്കോല്, കൂടാരംപോലെ കെട്ടിയുണ്ടാക്കുന്ന വിത്തുകൂടയും നെല്സംഭരണത്തിന് ഉപയോഗിക്കും. രണ്ടു വര്ഷംവരെ മുളയ്ക്കല്ശേഷി നഷ്ടപ്പെടാതെ പരമ്പരാഗതരീതിയില് വിത്തുകളെ ഇങ്ങനെ സൂക്ഷിക്കാനാവും.
ബഹുമതികള്
സസ്യജനുസുകളുടെയും കര്ഷകരുടെ അവകാശങ്ങളുടേയും സംരക്ഷണ അഥോറിറ്റി ഏര്പ്പെടുത്തിയ 2016 ലെ ജനിതക സംരക്ഷണ പുരസ്കാരം കേന്ദ്രകൃഷിവകുപ്പ് മന്ത്രി രാധാ മോഹന് സിംഗില് നിന്നാണ് ചെറുവയല് രാമന് ഏറ്റുവാങ്ങിയത്. 2016 ലെ ദേശീയ പ്ലാന്റ് ജീനോം സേവിയര് അവാര്ഡ്, സാമൂതിരി ഗുരുവായൂരപ്പന് കോളജ് പൂര്വവിദ്യാര്ഥികളുടെയും അധ്യാപക-അനധ്യാപകരുടെയും കൂട്ടായ്മയായ ബോധി ചാരിറ്റബിള് സൊസൈറ്റി കോളജിലെ പൂര്വവിദ്യാര്ഥിയും ജൈവ കര്ഷകനുമായിരുന്ന അഭിലാഷിന്റെ സ്മരണയ്ക്കായി ഏര്പ്പെടുത്തിയ പ്രഥമ പുരസ്കാരം, ഉമ്മന്ചാണ്ടി കാര്ഷിക പുരസ്കാരം എന്നിങ്ങനെ ഒട്ടേറെ അംഗീകാരങ്ങള് അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
താമസം 150 വര്ഷം പഴക്കുമുള്ള വീട്ടില്
150 വര്ഷം പഴക്കമുള്ള പുല്ലുമേഞ്ഞ വീട്ടിലായിരുന്നു രാമേട്ടന്റെ താമസം. കോണ്ക്രീറ്റ് സൗധങ്ങളുടെ ഇക്കാലത്ത്, ചെളിയും മണ്ണും കൊണ്ട് നിര്മ്മിച്ച ഈ വീട് കാണാന് തന്നെ ആളുകളുടെ ഒഴുക്കായിരുന്നു. അപൂര്വ നെല്വിത്തുകള് സൂക്ഷിച്ചു വയ്ക്കുന്നതും ഈ വീട്ടിലായിരുന്നു. സാമ്പത്തികമായി നഷ്ടം സംഭവിച്ചിട്ടും കൃഷി ഉപേക്ഷിക്കാന് അദ്ദേഹം തയാറായില്ല. മണ്ണും പരിസ്ഥിതിയും സംരക്ഷിക്കാന് രാമേട്ടന് തന്റെ ജീവിതം ഉഴിഞ്ഞുവച്ചു. അതായിരുന്നു അദ്ദേഹത്തെ മറ്റു കര്ഷകരില് നിന്നു വ്യത്യസ്തനാക്കിയത്.
Tags : Cheruvayal Raman Passes away patriarch Wayanad paddy cultivation