പ്രതീകാത്മക ചിത്രം
ആലപ്പുഴ: വൈദ്യുത ലൈനിൽ പണി നടത്തുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. ആലപ്പുഴ നോർത്ത് ആര്യാട് പറത്തറയിൽ വിജയകുമാറിന്റെ മകൻ അബി എന്ന വിഷ്ണു കുമാർ (34) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം 5.15-ഓടെ ലിയോ തേർട്ടീൻത്ത് സ്കൂളിന് സമീപത്തെ 11 കെവി ലൈനിൽ പണി നടത്തുമ്പോഴായിരുന്നു ദാരുണാന്ത്യം. സമീപത്ത് പുതുതായി നടക്കുന്ന നിർമാണ പ്രവർത്തനത്തിന് വൈദ്യുതി നൽകുന്നതിനായി പഴയ ഇരുമ്പ് പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണ് പണി ആരംഭിച്ചതെങ്കിലും അപ്രതീക്ഷിതമായി ലൈനിലേക്ക് വൈദ്യുതി പ്രവഹിക്കുകയായിരുന്നുവെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. ഷോക്കേറ്റ് ലൈനിൽ തൂങ്ങിക്കിടന്ന വിഷ്ണുവിനെ ഫയർഫോഴ്സ് എത്തുന്നതിനുമുൻപുതന്നെ സഹപ്രവർത്തകർ ബെൽറ്റിട്ട് താഴെയിറക്കുകയായിരുന്നു.
ഉടൻതന്നെ കെഎസ്ഇബിയുടെ വാഹനത്തിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധം വിച്ഛേദിച്ചിട്ടും ലൈനിലേക്ക് എങ്ങനെ വൈദ്യുതി എത്തിയെന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചതായി കെഎസ്ഇബി അധികൃതർ അറിയിച്ചു.