പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ ഒരു ഉദ്യോഗസ്ഥനു കൂടി വീഴ്ച വരുത്തിയതായി എസ്ഐടി. മേൽനോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥനും വീഴ്ച വരുത്തിയെന്നാണ് എസ്ഐടി കണ്ടെത്തൽ.
നികുതി വെട്ടിപ്പ് സംബന്ധിച്ച് ചാർജ് മെമ്മോ ലഭിച്ച മൂന്ന് ഉദ്യോഗസ്ഥർക്ക് പുറമേ ഒരാൾക്ക് കൂടി വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ. ഇടപാടുകൾക്ക് ആദായ നികുതിയും അടച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും.
സ്പോൺസർക്ക് സമൻസ് അയച്ചിട്ടും ഏഴ് മാസത്തോളം തുടർനടപടിയുണ്ടായില്ലെന്നും കോടികളുടെ നികുതി വെട്ടിപ്പ് ഗൗരവമായി പരിഗണിച്ചില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. മെസിയുടെ കേരള സന്ദർശനത്തിന്റെ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിൽനിന്ന് 22.68 കോടി രൂപയുടെ നികുതി കുടിശിക ഈടാക്കുന്നതുമായി ബന്ധപ്പെട്ടാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
ജിഎസ്ടി വകുപ്പ് നിയോഗിച്ച അഞ്ചംഗ സംഘമാണ് നികുതി വെട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തിയത്. അതേസമയം സംഭവത്തിൽ സമഗ്ര അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചേക്കും. വിജിലൻസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകുമെന്നാണ് വിവരം.
സേവന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന എസ്ഐടി അന്വേഷണത്തിന് പുറമെയായിരിക്കും ഈ അന്വേഷണം. മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്താൻ നിർദേശം നൽകിയിരിക്കുന്നത്.
Tags : Lionel Messi Messi Kerala Tax Evasion GST SIT Kerala Government Reporter Broadcasting Company