ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്ത പണം.
ന്യൂഡൽഹി: കണക്കിൽപ്പെടാത്ത 68.53 ലക്ഷം രൂപയുമായി രണ്ടുപേരെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. വിമാനത്താവളത്തിലെ എക്സ്-ബിഐഎസ് പരിശോധനാ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒരു യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്നു.
തുടർന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനെക്കുറിച്ചും വിവരം ലഭിച്ചു. പിന്നീട് ഇരുവരുടെയും ബാഗേജുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് രേഖകളില്ലാത്ത 68,53,500 രൂപ കണ്ടെത്തിയത്. ഡൽഹിയിൽ നിന്ന് ഗുവാഹത്തിയിലേക്കും അവിടെനിന്ന് അഗർത്തലയിലേക്കും യാത്ര ചെയ്യാനെത്തിയവരായിരുന്നു ഇരുവരും.
അതേസമയം ഇവർക്ക് പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകളൊന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. കസ്റ്റഡിയിലെടുത്ത യാത്രക്കാരെയും പിടിച്ചെടുത്ത പണം, ഹാൻഡ് ബാഗേജുകൾ, യാത്രാ രേഖകൾ എന്നിവയും തുടർനടപടികൾക്കായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.
Tags : Unaccounted Cash Cash Seized CISF Delhi Airport Income Tax Department