ഷില്ലോംഗ്: ഹണിമൂണിനിടെ കാമുകനും സുഹൃത്തുക്കൾക്കുമൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സോനം രഘുവംശിക്ക് ജാമ്യം.
പത്ത് മാസങ്ങളായി ജയിലിൽ കഴിയുന്ന സോനത്തിന് ഷില്ലോംഗ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ മൂന്ന് പ്രാവശ്യം ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
2025 മേയിൽ മേഘാലയയിലെ ഈസ്റ്റ് ഖാസി കുന്നിൽ വച്ചാണ് കൊലപാതകം നടന്നത്. ഹണിമൂണിനായി ഇവിടെയെത്തിയ ദാമ്പതികളെ കാണാതാവുകയായിരുന്നു. തുടർന്ന് സോനത്തിന്റെ ഭർത്താവ് രാജയുടെ മൃതദേഹം മലയിടുക്കിൽ നിന്നും കണ്ടെത്തി.
പിന്നീട് ഉത്തർപ്രദേശിൽ വച്ചാണ് സോനം അറസ്റ്റിലായത്. കാമുകൻ രാജ് കുശ്വാഹയുമായും മറ്റ് മൂന്ന് പേരുമായി ചേർന്ന് കൊലപാതകം നടത്താൻ ഗൂഢാലോചന നടത്തിയതായി അവർ സമ്മതിച്ചു. കുശ്വാഹയും മറ്റ് മൂന്ന് പേരും ഇപ്പോഴും കസ്റ്റഡിയിലാണ്.
രാജയും സോനവും സൊഹ്റയിലേക്ക് പോകുന്നതിന് മുമ്പ് ഷില്ലോംഗിലെത്തിയിരുന്നു. മേയ് 26നാണ് ദമ്പതികളെ കാണാതായത്. തുടർന്ന് വലിയ തോതിൽ തിരച്ചിൽ നടന്നു. ജൂൺ രണ്ടിന് ഒരു വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുമാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ് സോനം.
Tags : Indore Woman Killing Husband Honeymoon Meghalaya Bail