ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് പവൻ ഖേരയുടെ മുൻകൂർ ജാമ്യാപേക്ഷ ഗോഹട്ടി ഹൈക്കോടതി തള്ളിയതിനെതിരേ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. പവൻ ഖേരയ്ക്കൊപ്പം ഒറ്റക്കെട്ടായി ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് നിൽക്കുമെന്ന് ഐഎസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.
ഭീഷണിപ്പെടുത്തലിന്റെ രാഷ്ട്രീയത്തിന്മേൽ നീതി ലഭിക്കുമെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാന്‍ വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്തുക്കളുണ്ടെന്നും ഒന്നിലധികം പാസ്പോർട്ടുകൾ കൈവശമുണ്ടെന്നുമുള്ള ആരോപണത്തെത്തുടർന്നാണ് ഖേരയ്ക്കെതിരേ കേസെടുത്തത്.
റിനികി ഭുയാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിഷയത്തിൽ തെലുങ്കാന ഹൈക്കോടതി പവർ ഖേരയ്ക്ക് ഏഴ് ദിവസത്തെ ട്രാൻസിറ്റ് ജാമ്യം അനുവദിച്ചെങ്കിലും സുപ്രീംകോടതി അത് സ്റ്റേ ചെയ്യുകയും ജാമ്യത്തിനായി ഗോഹട്ടി ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയുമായിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിച്ചു.
ആരോപണങ്ങൾക്ക് ആധാരമായ രേഖകളുടെ ഉറവിടം കണ്ടെത്താനും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും ഖേരയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതി നടപടി.
Tags : Congress Supreme Court Pawan Khera bail Gauhati High Court Jairam Ramesh