അസമിലെ നഗാവ് ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അംഗത്വം സ്വീകരിച്ച ദേബാശിഷ് ശർമ
ഗുവാഹത്തി: അസമിലെ നഗാവ് ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖർ ബിജെപിയിലേക്ക്. മുൻ നഗാവ് ജില്ലാ കളക്ടറും മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ദേബാശിഷ് ശർമ, മുതിർന്ന മാധ്യമപ്രവർത്തകരായ ലെനിൻ സൗരഭ് ബോറ, ഗുൺജൻ കലിത എന്നിവരാണ് ബിജെപിയിൽ അംഗത്വം എടുത്തത്.
ഗുവാഹത്തിയിലെ പാർട്ടി ആസ്ഥാനമായ വാജ്പേയി ഭവനിൽ നടന്ന ചടങ്ങിൽ അസം ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈകിയ, സംസ്ഥാന മന്ത്രിമാരായ പീയൂഷ് ഹസാരിക, ജയന്ത മല്ല ബറുവ, എംഎൽഎ രൂപക് ശർമ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. ദേബാശിഷ് ശർമയുടെ പാർട്ടി പ്രവേശനം വരാനിരിക്കുന്ന നഗാവ് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.
നിലവിൽ ശർമ പാർട്ടി ടിക്കറ്റിനായി ഔദ്യോഗികമായി അപേക്ഷിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ ദിലീപ് സൈകിയ അറിയിച്ചു. സ്ഥാനാർഥി നിർണയത്തിനായുള്ള ചർച്ചകൾ നടക്കുകയാണെന്നും, ശർമയിൽ നിന്നോ നഗാവിലെ ജനങ്ങളിൽ നിന്നോ ആവശ്യമുയർന്നാൽ അദ്ദേഹത്തെ സ്ഥാനാർഥിയായി പരിഗണിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Assam Bypoll LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash