ഇടമലക്കുടി
തിരുവനന്തപുരം: അടിയന്തര ചികിത്സയ്ക്കായി രോഗികളെ മുളമഞ്ചലിൽ ചുമക്കേണ്ടിവരുന്ന മുതുവാൻ ആദിവാസിസമൂഹത്തിന്റെ ദുരിതത്തിനു പരിഹാരമൊരുക്കാൻ വനംവകുപ്പ്.
സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ 23 കുടികളെയും ബന്ധിപ്പിച്ച് റോഡുകളും പാലങ്ങളും നിർമിക്കുന്നതിനുള്ള സാധ്യതകളാണ് വകുപ്പ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (സിസിഎഫ്) ഡി.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം ഇടമലക്കുടിയിലെത്തി ബാഹ്യലോകവുമായുള്ള യാത്രാസൗകര്യങ്ങൾ വിലയിരുത്തി.
ഉൾഗ്രാമങ്ങളിലെ റോഡുകളുടെയും പാലങ്ങളുടെയും അഭാവം മൂലം കുടികളിലുള്ളവർക്കു പഞ്ചായത്തിന്റെ ആസ്ഥാനമായ സൊസൈറ്റിക്കുടിയിലെത്താനോ അവിടെനിന്നു പെട്ടിമുടി വഴി പുറത്തേക്കു സഞ്ചരിക്കാനോ കഴിയുന്നില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഓഗസ്റ്റ് 12 മുതൽ ഒരു മാസത്തിനിടെ അഞ്ചു രോഗികളെയാണു കിലോമീറ്ററുകളോളം കൊടുംവനത്തിലൂടെ മുളമഞ്ചലിൽ ചുമന്ന് ആശുപത്രികളിൽ എത്തിക്കേണ്ടിവന്നത്.
മണലിയാറിനു കുറുകെ നിർദേശിക്കപ്പെട്ടിട്ടുള്ള ഞാവൽ പാലം യാഥാർഥ്യമായാൽ 11 കുടികൾക്കു സൊസൈറ്റിക്കുടിയിലേക്കു നേരിട്ട് ബന്ധമുണ്ടാകും. രോഗികളെ വേഗത്തിൽ ആശുപത്രികളിലേക്കു മാറ്റാനും കഴിയും. ഇതിനുപുറമേ, വനാവകാശ നിയമപ്രകാരം (എഫ്ആർഎ) ഉൾക്കുടികളെ ബന്ധിപ്പിച്ചുള്ള റോഡുകളുടെ നിർമാണവും ഏറ്റെടുക്കാനാകും. ഇതുസംബന്ധിച്ച് വനംവകുപ്പ് വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കി സിസിഎഫ് (ഫിനാൻസ്) വിഭാഗത്തിന് സമർപ്പിക്കാനാണു തീരുമാനം. പദ്ധതി നടപ്പാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, വനംവകുപ്പ് എന്നിവയുടെ സംയുക്ത ഇടപെടൽ അനിവാര്യമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
മൂന്നാർ ടൗണിലെ നിരക്കുകൾ അടിസ്ഥാനമാക്കിയാണ് പൊതുമരാമത്ത് വകുപ്പ് നിർമാണച്ചെലവ് കണക്കാക്കിയത്. അതുകൊണ്ടുതന്നെ കരാറുകാർ ഇടമലക്കുടിയിലെ നിർമാണ ജോലികൾ ഏറ്റെടുക്കാൻ തയാറായില്ല. ദുർഘടമായ പാതയും ഭൂപ്രകൃതിയും കണക്കിലെടുത്ത് നിർമാണസാമഗ്രികൾ എത്തിക്കുന്നതിനും പണി പൂർത്തിയാക്കുന്നതിനും 40 മുതൽ 60 ശതമാനം വരെ അധിക തുക അനുവദിക്കേണ്ടതുണ്ട്. സർക്കാർ ഫണ്ട് അനുവദിച്ചാൽ നിർമാണം നേരിട്ട് ഏറ്റെടുക്കാൻ വനംവകുപ്പ് തയാറാകും.
3.2 കിലോമീറ്റർ ദൈർഘ്യമുള്ള കൂടല്ലാർകുടി–മീൻകുത്തിക്കുടി റോഡിനു വനംവകുപ്പ് ഇതിനകം അനുമതിപത്രം നൽകിയിട്ടുണ്ട്. ഇടലിപ്പാറക്കുടി മുതൽ സൊസൈറ്റിക്കുടി വരെയുള്ള രണ്ടാംഘട്ട പാതയ്ക്കും എൻഒസി നൽകിയിട്ടുണ്ട്. ഇതിനുപുറമെ, കെപ്പക്കാട്–വെള്ളവാരക്കുടി റോഡിനായുള്ള നിർദേശം പട്ടികവർഗ വകുപ്പ് വനംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടമലക്കുടിയിലേക്കുള്ള പ്രധാന പ്രവേശന പാതയായ മൂന്നാർ–പെട്ടിമുടി റോഡിലെ രാജമല മുതൽ പെട്ടിമുടി വരെയുള്ള 12 കിലോമീറ്റർ ഭാഗം പൂർണമായി തകർന്നുകിടക്കുകയാണെന്നും ഇതു വാഹനഗതാഗതത്തെ രൂക്ഷമായി ബാധിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. വനംവകുപ്പ് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഈ പാതയുടെ ശോച്യാവസ്ഥയും ഉൾപ്പെടുത്തും.
Tags : Deepika DeepikaNewspaper BreakingNews Bridge and road to connect settlements