ഹൈക്കോടതി.
കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലെ മലപ്പുറം വേങ്ങാട് പ്രവര്‍ത്തിക്കുന്ന ഗോശാലയുടെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍മാണങ്ങള്‍ നിശ്ചിത സമയപരിധിക്കകം പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി. 2027 മേയ് 31നകം മൂന്നു ഘട്ടമായി പണി പൂര്‍ത്തിയാക്കണം.
ഗോശാല നവീകരണത്തിന് 70 കോടി രൂപയുടെ സാമ്പത്തികാനുമതി നല്‍കിയതായി ദേവസ്വം കമ്മിഷണര്‍ അറിയിച്ചത് പരിഗണിച്ചും പദ്ധതിയുടെ പുരോഗതി വിലയിരുത്തിയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയാണ് ജസ്റ്റീസുമാരായ വി. രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം.
ഊരാളുങ്കല്‍ സൊസൈറ്റിക്കാണു നിര്‍മാണച്ചുമതല. മൂന്നു ഘട്ടങ്ങളിലായാണു പദ്ധതി പൂര്‍ത്തിയാക്കുക. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിനായിരിക്കും സാങ്കേതിക മേല്‍നോട്ട ചുമതല. നിലമൊരുക്കല്‍ ആരംഭിച്ചതായും ദേവസ്വം കമ്മിഷണര്‍ അറിയിച്ചു.
ഗോശാലയിലെ ചാണകം പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് എത്രയും വേഗം നീക്കാന്‍ കോടതി നിര്‍ദേശിച്ചു. ദേവസ്വം ഗോശാലകളുടെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സ്വമേധയാ ഹര്‍ജി വീണ്ടും 25ന് പരിഗണിക്കാന്‍ മാറ്റി.
Tags : Vengad Goshala HighCourt KeralaHighCourt