ന്യൂഡൽഹി: ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം ഇനി മറ്റൊരു രീതിയിൽ പഠിക്കേണ്ടിവരുമോ? ഡൽഹിയിലെ ഒരു പ്രമുഖ സിവിൽ സർവീസ് കോച്ചിംഗ് സെന്റർ അച്ചടിച്ച പുതിയ പാഠപുസ്തകം കണ്ടാലാണ് ഈ സംശയമുണ്ടാകുക. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച് മൂന്നു വർഷത്തിനുശേഷം ജനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘സ്വാതന്ത്ര്യസമര സേനാനി’യാക്കിയിരിക്കുകയാണ് പുസ്തകത്തിൽ.
ഡൽഹി ആസ്ഥാനമായുള്ള കോച്ചിംഗ് സെന്റർ മത്സരപ്പരീക്ഷകൾക്കായി തയാറാക്കിയ പുസ്തകത്തിലാണ് ഈ അപൂർവ ‘ചരിത്രസത്യം’ ഉദ്യോഗാർഥികളെ പഠിപ്പിക്കുന്നത്. 1950 സെപ്റ്റംബർ 17ന് ജനിച്ച്, സ്വാതന്ത്ര്യാനന്തരം ജനിച്ച രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായി 2014ൽ അധികാരമേറ്റ നരേന്ദ്ര മോദിയെയാണ് ഗാന്ധിജിക്കും സുഭാഷ് ചന്ദ്രബോസിനുമൊപ്പം സ്വാതന്ത്ര്യം നേടിത്തന്ന മഹാന്മാരുടെ പട്ടികയിൽ അച്ചടിച്ചുവച്ചിരിക്കുന്നത്.
ഇതിനുപുറമെ മോദിയുടെ പ്രശസ്തമായ ‘മൈം ഭീ ചൗക്കിദാർ’, ‘ജയ് ജവാൻ, ജയ് കിസാൻ, ജയ് വിജ്ഞാൻ, ജയ് അനുസന്ധാൻ’ തുടങ്ങിയ മുദ്രാവാക്യങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
ചരിത്രത്തെ ബോധപൂർവം വളച്ചൊടിക്കാനും രാഷ്ട്രീയ അജൻഡകൾ വിദ്യാർഥികളിലേക്ക് അടിച്ചേൽപ്പിക്കാനുമുള്ള ശ്രമമാണിതെന്ന് വ്യാപകമായ വിമർശനം ഉയരുന്നുണ്ട്.
Tags : Deepika DeepikaNewspaper BreakingNews Coaching centre's book portrays