ഗിഫ്റ്റ്കാര്‍ഡുകളുടെ മറവില്‍ പഞ്ചസാരകൈമാറ്റം
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സപ്ലൈകോ പുറത്തിറക്കിയ ഗിഫ്റ്റ് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്കു പഞ്ചസാര കൈമാറിയ സംഭവത്തില്‍ ഏഴു ജീവനക്കാര്‍ക്കുകൂടി സസ്പെന്ഷന്. മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദേശപ്രകാരമാണു നടപടി. കീര്‍ത്തി നിര്‍മ്മല്‍ എന്ന കമ്പനിക്കാണു പെരുമ്പാവൂര്‍ ഡിപ്പോയില്‍നിന്ന് സബ്സിഡിയിതര പഞ്ചസാര കൈമാറിയത്. പെരുമ്പാവൂര്‍ ഡിപ്പോയിലെ മാവേലി കസ്റ്റോഡിയന്‍ രജീഷ് രവീന്ദ്രനെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു.
സപ്ലൈകോ ഹെഡ് ഓഫീസിലെ ഡെപ്യുട്ടി മാനേജര്‍ സജീവ് പോള്‍, അറക്കപ്പടി മാവേലി സ്റ്റോര്‍ ഔട്ട്ലെറ്റ് ഇന്‍ ചാര്‍ജ് അഞ്ജു വിജയന്, തുറവൂര്‍ മാവേലി സ്റ്റോര്‍ ഔട്ട്ലെറ്റ് ഇന്‍ ചാര്‍ജ് എ.എസ്. സന്ധ്യ, പാലിശേരി മാവേലി സ്റ്റോറിലെ എം. ആര്. ദിവ്യ, പോഞ്ഞാശേരി വില്പനശാലയിലെ എസ്. സൗമിനി, കറുകുറ്റി മാവേലി സ്റ്റോറിലെ മഞ്ജു ആന്റണി, ശ്രീമൂലനഗരം മാവേലി സ്റ്റോറിലെ ബേസില്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
സപ്ലൈകോയുടെ ഓണം ഗിഫ്റ്റ് കാര്‍ഡ് പദ്ധതി പ്രകാരം സ്വകാര്യ കമ്പനിയായ കീര്‍ത്തി നിര്‍മലിന് ആയിരം രൂപയുടെ 1,000 കൂപ്പണുകള്‍ നല്‍കിയിരുന്നു. ഈ കൂപ്പണുകളുടെ മുഴുവന്‍ തുകയ്ക്കും സബ്സിഡിയിതര പഞ്ചസാര മാത്രം നല്‍കുന്നതിനായി മാവേലി കസ്റ്റോഡിയന്‍ രജീഷ് രവീന്ദ്രന് ഡിപ്പോയില്‍നിന്നു തുറവൂര്‍, പാലിശേരി, കറുകുറ്റി, ശ്രീമൂലനഗരം, പോഞ്ഞാശേരി, അറക്കപ്പടി എന്നീ സപ്ലൈകോ വില്പനശാലകളിലേക്കു പഞ്ചസാര ഇഷ്യൂ ചെയ്യുകയും തുടര്‍ന്ന് ഈ ഔട്ട്ലെറ്റുകളില്‍നിന്നു പഞ്ചസാര ബില്ലടിക്കുകയും ചെയ്തു. എന്നാല്‍, ബില്ലടിക്കുന്നതിനാവശ്യമായ പഞ്ചസാര ഔട്ട്ലെറ്റുകളിലേക്കു കൈമാറിയതായി രേഖകളില്‍ മാത്രമാണു കാണിച്ചത്.
യഥാര്‍ഥ സ്റ്റോക്ക് ഡിപ്പോയില്‍ സൂക്ഷിച്ചതായും സപ്ലൈകോ വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിപണിയില്‍ പഞ്ചസാര വിലയില്‍ വലിയ വ്യത്യാസമുള്ള സമയത്ത് സ്വകാര്യ കമ്പനിക്ക് വന്‍തോതില്‍ പഞ്ചസാര വില്പന നടത്തിയതിനും സ്റ്റോക്ക് ക്രമവിരുദ്ധമായി കൈകാര്യം ചെയ്തതിനുമാണു വില്പനശാലകളിലെ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്.
പഞ്ചസാരയ്ക്കു വിപണിയില്‍ വലിയ വിലവ്യത്യാസം ഉള്ളപ്പോള്‍ വന്‍തോതില്‍ സ്റ്റോക്ക് കൈമാറ്റം ചെയ്യാന്‍ കീഴ്ജീവനക്കാരെ പ്രേരിപ്പിക്കുകയും ഇതെല്ലാം സപ്ലൈകോ കേന്ദ്ര കാര്യാലയത്തിലെ മേലുദ്യോഗസ്ഥരുടെ അറിവോടെയാണെന്ന തെറ്റായ സന്ദേശം കൈമാറുകയും ചെയ്തതിനാലാണു ഡെപ്യുട്ടി മാനേജരായ സജീവ് പോളിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതെന്ന് മാനേജിംഗ് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.
Tags : Deepika DeepikaNewspaper BreakingNews Seven employees suspended