ഉദയനിധി സ്റ്റാലിൻ, വിജയ്
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ കടന്നാക്രമിച്ച് ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. സഭയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറെടുപ്പുകളൊന്നുമില്ലാതെ എത്തിയ വിജയ്, "റോൾ ക്യാമറ, ആക്ഷൻ" മോഡിൽ സിനിമാ ഡയലോഗുകൾ പറയുകയാണെന്ന് ഉദയനിധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'എക്സിൽ' കുറിച്ചു.
ഇഡി ആരോപണങ്ങളുടെ പ്രിന്റൗട്ടുകൾ എടുത്തു കൊണ്ടുവന്ന് വായിക്കാൻ എന്തിനാണ് മൂന്ന് ദിവസമടുത്തതെന്ന് ഉദയനിധി ചോദിച്ചു. ഉത്തരമില്ലാത്ത മറുപടികളും, പഴിചാരലും, വിഷയം തിരിച്ചുവിടലുമാണ് സഭയിൽ കണ്ടത്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ ഭയന്ന് ഒളിച്ചോടാതെ അടുത്ത തവണയെങ്കിലും കൃത്യമായി പഠിച്ച് സഭയിലെത്താൻ അദ്ദേഹം വിജയിയെ പരിഹസിച്ചു.
മുൻ ഡിഎംകെ ഭരണകാലത്ത് പാർട്ടി ഫണ്ടിന്റെ പേരിൽ വൻ അഴിമതി നടന്നതായി നിയമസഭയിൽ സംസാരിക്കവേ, വിജയ് ആരോപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ, മുൻ മന്ത്രി സെന്തിൽ ബാലാജി എന്നിവരുടെ പേരുകൾ ഇഡി രേഖകളിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ഡിഎംകെയെ കടന്നാക്രമിച്ചത്. ഇതിന് പിന്നാലെയാണ് വിജയിയുടെ പ്രസംഗം വെറും സിനിമാറ്റിക് നാടകമാണെന്ന് ആക്ഷേപിച്ച് ഉദയനിധി രംഗത്തെത്തിയത്.
Tags : UdhayanidhiStalin Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash