കൊച്ചി: രണ്ട് ദിവസം മുൻപ് കാണാതായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സീപോർട്ട് - എയർപോർട്ട് റോഡിന് സമീപം എച്ച്എംടി കാട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സൗത്ത് കളമശേരി കുടിലിൽ റോഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നെയ്വേലി സ്വദേശി അണ്ണാദുരെയുടെ മകൻ അരുൺരാജിന്റെ (28) മൃതദേഹമാണ് ഇന്നലെ വൈകുന്നേരം കണ്ടെത്തിയത്. ദേഹത്ത് മുറിവുകളുള്ളതിനാൽ കൊലപാതകമാണോയെന്നും സംശയിക്കുന്നു.
അരുൺരാജിനെ ഫോണിൽ വിളിക്കുമ്പോഴെല്ലാം റിംഗ് ചെയ്തിരുന്നുവെങ്കിലും മറുപടിയുണ്ടായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. നാട്ടിൽ പോയതാണെന്നാണ് കരുതിയിരുന്നതെന്നു ബന്ധുക്കളും പറഞ്ഞു. ഇന്നലെ വൈകുന്നേരം അരുൺരാജിന്റെ മൊബൈൽ ഫോൺ ഒരാൾ എത്തിച്ച് നൽകിയതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കാടിനുള്ളിൽ കണ്ടെത്തിയത്. ഫോൺ എത്തിച്ച് നൽകിയ ആളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതശരീരം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Tags : man missing dead HMT forest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash