രാകേഷ് മേത്ത
ന്യൂഡൽഹി: മുൻ ഡൽഹി ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്തയെ (74) നോയിഡയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യപ്രശ്നങ്ങളും മാനസിക സമ്മർദവുമാണ് ജീവിതമവസാനിപ്പിക്കാൻ കാരണമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്തുനിന്ന് പൊലിസ് കണ്ടെടുത്തിട്ടുണ്ട്. സെപ്റ്റംബർ ആറിനാണ് മൃതദേഹം കണ്ടെത്തിയത്. സംസ്കാര ചടങ്ങുകൾ നടന്നു.
1975 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ രാകേഷ് മേത്ത, മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ ഭരണകാലത്താണ് പ്രമുഖ പദവികൾ വഹിച്ചിരുന്നത്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ഉൾപ്പെടെയുള്ള വിവിധ സുപ്രധാന ചുമതലകൾ അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. 2007-ൽ ഡൽഹി ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം മൂന്ന് വർഷത്തിലേറെ ആ പദവിയിൽ തുടർന്നു.
ഡൽഹിയിലെ ഗതാഗതം, ഊർജം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്നതിന് പിന്നിൽ പ്രവർത്തിച്ചത് അദ്ദേഹമായിരുന്നു. 2010-ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസ് സംഘാടനത്തിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.
Tags : DelhiChiefSecretary RakeshMehta Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash