അയർലൻഡിലെ ഡബ്ലിനിൽ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിക്കൊപ്പം (മധ്യത്തിൽ ) യുഎസ് പ്രതിനിധികളായ ജാരദ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫും മാധ്യമങ്ങളോട് സംസാരിക്കുന്ന
മോസ്കോ: സമാധാനചർച്ചകളിൽ യൂറോപ്പിനെ പങ്കാളിയാക്കാൻ റഷ്യൻ പ്രസിഡന്റ് പുടിന്റെ അനുമതി. മോസ്കോയിലെത്തി പുടിനുമായി ചർച്ച നടത്തിയ അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് ഇക്കാര്യം അറിയിച്ചത്. അടുത്ത റഷ്യ-യുക്രെയ്ൻ ചർച്ചയിൽ യൂറോപ്യൻ പ്രതിനിധികളും ഉണ്ടാകുമെന്നു വിറ്റ്കോഫ് പറഞ്ഞു.
അമേരിക്കയുടെ മധ്യസ്ഥതയിൽ അബുദാബിയിൽ റഷ്യ-യുക്രെയ്ൻ ചർച്ച നടന്നു ദിവസങ്ങൾക്കകമാണു പുടിന്റെ ഭാഗത്തുനിന്ന് ഇത്രവലിയ വിട്ടുവീഴ്ച. യുക്രെയ്ൻ യുദ്ധത്തിൽ യൂറോപ്പുമായി ചർച്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ റഷ്യ.
വിറ്റ്കോഫിനൊപ്പം അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും മോസ്കോയിൽ പുടിനെ കണ്ടിരുന്നു. റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്കു മധ്യസ്ഥനീക്കങ്ങൾ നടത്തുന്നത് ഇവരാണ്.
യൂറോപ്യൻ നേതാക്കളുടെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടായതായി വിറ്റ്കോഫും കുഷ്നറും പുടിനെ ബോധ്യപ്പെടുത്തി. യൂറോപ്യൻ നേതാക്കളെക്കൂടി ഉൾപ്പെടുത്തുന്നത് ചർച്ചയെ പിന്നോട്ടാക്കില്ലെന്നും ഉറപ്പു നല്കി.
അതേസമയം, യൂറോപ്യൻ പങ്കാളിത്തത്തിനു പുടിൻ ചില നിബന്ധനകൾ വച്ചിട്ടുണ്ട്. വെടിനിർത്തലുണ്ടായാൽ തുടർന്ന് യുക്രെയ്നിൽ പാശ്ചാത്യ സൈനികരെ വിന്യസിക്കാമെന്ന മോഹം യൂറോപ്യൻ നേതാക്കൾ ഉപേക്ഷിച്ചേക്കാൻ പുടിൻ പറഞ്ഞു. അത്തരം നീക്കങ്ങൾ യുദ്ധം പുനരാരംഭിക്കാൻ വഴിവയ്ക്കും.
യൂറോപ്യൻ നേതാക്കളുമായി ചർച്ച നടത്തുന്നതിൽ റഷ്യക്കു പ്രശ്നമില്ലെന്നും പുടിൻ പറഞ്ഞു. റഷ്യയുമായുള്ള ചർച്ചകളിൽനിന്നു പിന്മാറിയത് യൂറോപ്പ് ആണെന്നും പുടിൻ ഓർമിപ്പിച്ചു.
മോസ്കോയിൽനിന്നു വിമാനം കയറിയ വിറ്റ്കോഫും കുഷ്നറും അയർലൻഡിലെ ഡബ്ലിനിൽ യൂറോപ്യൻ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ചർച്ചയിൽ യൂറോപ്യൻ നേതാക്കളുണ്ടാകുമെന്ന വാർത്തയെ അദ്ദേഹം സ്വാഗതം ചെയ്തു. ചർച്ചയിൽ വെടിനിർത്തൽ നിർദേശം പരിഗണിക്കുമെന്നു സെലൻസ്കി പ്രതീക്ഷ പ്രകടിപ്പിച്ചു.
Tags : Putin Europe Talks Zelenskyy Peace talks Steve Witkoff Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash