അബുദാബി: യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ ശ്രമങ്ങളുടെ ഭാഗമായി റഷ്യ, യുക്രെയ്ൻ പ്രതിനിധികൾ അബുദാബിയിൽ ചർച്ച നടത്തി. ഒന്പതു മാസത്തിനുശേഷമാണ് റഷ്യയും യുക്രെയ്നും മുഖാമുഖം ചർച്ചയ്ക്കിരിക്കുന്നത്.
ഇരുരാജ്യങ്ങൾക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങൾ കുറഞ്ഞുവെന്ന് അമേരിക്കൻ പ്രതിനിയും പ്രസിഡന്റ് ട്രംപിന്റെ മരുമകനുമായ ജാരദ് കുഷ്നർ ചർച്ചയിൽ പറഞ്ഞു.
ദീർഘകാല സമാധാനവും സുരക്ഷാ ഉറപ്പുകളുമാണ് യുക്രെയ്ൻ പ്രതീക്ഷിക്കുന്നതെന്ന് അവരുടെ പ്രതിനിധിയും ഇന്റലിജൻസ് വിഭാഗം മേധാവിയുമായ റസ്തം ഉമാറോവ് വ്യക്തമാക്കി.
ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ താത്പര്യത്തിനായി സമാധാനം വേണമെന്നാണ് മോസ്കോയുടെ നിലപാടെന്ന് റഷ്യൻ പ്രതിനിധി വ്ലാദിമിർ മെഡിൻസ്കി പറഞ്ഞു. ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയ്യദ് അൽ നഹ്യാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
യുദ്ധം അവസാനിക്കാൻ ഇത്തവണ സാധ്യതയുണ്ടെന്നാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടിരിക്കുന്നത്. യൂറോപ്പിന്റെ സുരക്ഷാ ഗ്യാരന്റി കൂടി ഉൾപ്പെടുന്ന വിപുലമായ സമാധാനക്കരാറാണ് പരിഗണനയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ട്രംപിന്റെ ശുഭപ്രതീക്ഷകൾക്കപ്പുറം റഷ്യയ്ക്കും യുക്രെയ്നുമിടയിൽ കടുത്ത അഭിപ്രായഭിന്നതയുണ്ടെന്നാണ് സൂചന. കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് പ്രദേശം മുഴുവനായി വിട്ടുകിട്ടണമെന്ന റഷ്യൻ പ്രസിഡന്റ് പുടിന്റെ ആവശ്യം യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അംഗീകരിക്കാൻ സാധ്യതയില്ല.
ഇരു നേതാക്കളും വിട്ടുവീഴ്ചയ്ക്കു തയാറാകുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. ഭാവി ആക്രമണങ്ങളിൽനിന്ന് യുക്രെയ്നു സംരക്ഷണം വാഗ്ദാനം ചെയ്യുന്ന വ്യവസ്ഥകളും യൂറോപ്യൻ യൂണിയണിൽ ചേരാനുള്ള വഴിയും സമാധാന കരാറിൽ ഉണ്ടാകും.
ഇതിനിടെ റഷ്യയുമായുള്ള ചർച്ചയ്ക്കു മുന്പ് യുക്രെയ്ൻ പ്രതിനിധികൾ യൂറോപ്യൻ യൂണിയൻ, നാറ്റോ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. വിറ്റ്കോഫും കുഷ്നറും പങ്കെടുത്തു. യൂറോപ്പിന്റെ സുരക്ഷ ഒഴിവാക്കിക്കൊണ്ട് യുക്രെയ്നിൽ സമാധാനം സ്ഥാപിക്കാനാവില്ലെന്ന് ഫ്രാൻസ് പറഞ്ഞു.