ഹിന്ദു ആത്മീയ സംഘടനയായ 'ബാപ്സ്' പാരിസിലെ ഈഫൽ ടവർ സന്ദർശനത്തിനിടെ
ന്യൂഡൽഹി:പാരിസിലെ ഈഫൽ ടവർ സന്ദർശനത്തിനിടെ ഹിന്ദു ആത്മീയ സംഘടനയായ 'ബാപ്സ്' സ്വാമിനാരായൺ പ്രസ്ഥാനത്തിന്റെ പ്രതിനിധികൾക്കായി വനിതാ ജീവനക്കാരെ ജോലിസ്ഥലത്തുനിന്ന് മാറ്റിനിർത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിഷയം പൂർണമായും ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ള കാര്യമാണെന്നും കേന്ദ്ര സർക്കാരിന് ഇതിൽ ഒരു പങ്കുമില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
പാരിസ് പ്രദേശത്ത് ബാപ്സ് സംഘടന പുതിയ ക്ഷേത്രം ഉദ്ഘാടനം ചെയ്തത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഈഫൽ ടവറുമായി ബന്ധപ്പെട്ട തർക്കത്തിൽ നിന്ന് ഇന്ത്യ ഔദ്യോഗികമായി മാറിനിൽക്കുകയാണെന്ന് അറിയിച്ചു. ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ആശംസകൾ അറിയിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇത്തരം ചടങ്ങുകളിൽ പ്രധാനമന്ത്രി ആശംസകൾ കൈമാറുന്നത് പതിവുരീതി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച നടന്ന ബാപ്സ് സംഘത്തിന്റെ സന്ദർശനത്തിനിടെ ലിംഗവിവേചനം നേരിട്ടെന്ന് ആരോപിച്ച് ഈഫൽ ടവറിലെ ജീവനക്കാർ തിങ്കളാഴ്ച സമരം പ്രഖ്യാപിക്കുകയും ടവർ അടച്ചിടുകയും ചെയ്തിരുന്നു. സന്ദർശന സമയത്ത് ചില പോസ്റ്റുകളിൽ നിന്ന് വനിതാ ജീവനക്കാരെ മാറ്റി പകരം പുരുഷന്മാരെ നിയമിച്ചെന്നും, പ്രവേശിക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കിയെന്നുമാണ് ജീവനക്കാരുടെ യൂണിയൻ ആരോപിച്ചത്. തർക്കത്തിൽ ബാപ്സ് സംഘടനയും ഈഫൽ ടവർ മാനേജ്മെന്റും തമ്മിൽ ചർച്ചകൾ തുടരുകയാണ്.
Tags : EiffelTower Paris LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash