പ്രതീകാത്മക ചിത്രം
ലണ്ടൻ: എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിൽ വിമാന സർവീസുകൾ തടസപ്പെട്ടു. ചൊവ്വാഴ്ചയുണ്ടായ തകരാറിനെ തുടർന്ന് 600 വിമാനങ്ങൾ റദ്ദാക്കിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ്റഡാർ 24 അറിയിച്ചു. ഇതിനു പുറമെ നൂറുകണക്കിന് സർവീസുകൾ വൈകുകയും ചെയ്തു.
യുകെയുടെ നാഷണൽ എയർ ട്രാഫിക് സർവീസസിന്റെ ഫ്ലൈറ്റ് പ്രൊസസിംഗ് സിസ്റ്റത്തിലാണ് സാങ്കേതിക പ്രശ്നം ഉണ്ടായത്. തുടർന്ന് തകരാർ പരിഹരിച്ചെന്ന് അധികൃതർ അറിയിച്ചു. വ്യോമപാത പൂർണമായും അടച്ചിടേണ്ട സാഹചര്യമുണ്ടായില്ലെങ്കിലും സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങാൻ സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ബ്രിട്ടീഷ് എയർവേസ്, ഈസിജെറ്റ്, കെഎൽഎം, ലുഫ്ത്താൻസ തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ സർവീസുകളെയാണ് തകരാർ പ്രധാനമായും ബാധിച്ചത്. ലണ്ടനിലെ ഹീത്രൂ, ഗാറ്റ്വിക്, സ്റ്റാൻസ്റ്റെഡ്, ലണ്ടൻ സിറ്റി വിമാനത്താവളങ്ങൾക്കു പുറമേ മാഞ്ചസ്റ്റർ, ബിർമിംഗ്ഹാം, എഡിൻബറോ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിലും സർവീസുകൾക്ക് തടസം നേരിട്ടു.
ഹീത്രൂവിൽ നിന്നുള്ള യൂറോപ്യൻ സർവീസുകളെയാണ് കൂടുതൽ ബാധിച്ചത്.യാത്രാതടസം കണക്കിലെടുത്ത് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിമാനത്തിന്റെ പുതുക്കിയ സർവീസ് സമയം ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ഉറപ്പാക്കണമെന്ന് അധികൃതർ യാത്രക്കാർക്ക് നിർദേശം നൽകി.
Tags : Air Traffic Control Flight Cancellations Air Traffic Control Glitch Flight Delays UK Airports