കോര്‍ റിന്യൂ എക്സ്പോ എനര്‍ജി
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് റിന്യൂവബിള്‍ എനര്‍ജി (സിഒആർഇ) സംഘടിപ്പിക്കുന്ന കോര്‍ റിന്യൂ എക്സ്പോ എനര്‍ജി കോണ്‍ക്ലേവ് 11 മുതല്‍ 13 വരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. കേന്ദ്രസര്‍ക്കാരിന്റെ പിഎം സൂര്യഘര്‍ പദ്ധതിയിലൂടെ ലഭ്യമാകുന്ന 78,000 രൂപ വരെയുള്ള സബ്സിഡിയും ഈടില്ലാത്ത ബാങ്ക് വായ്പകളും സംബന്ധിച്ചു പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുകയാണു പരിപാടിയുടെ ലക്ഷ്യം.
സൗരോർജരംഗത്തെ നിര്‍മാതാക്കള്‍, ഇപിസി കരാറുകാര്‍, സാങ്കേതികദാതാക്കള്, നിക്ഷേപകര്‍, വിതരണക്കാര്‍, നയരൂപീകരണ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന 1500ത്തോളം ഇന്സ്റ്റലേഷന് ഏജന്‍സികള്‍ക്ക് രാജ്യത്തെയും ആഗോളതലത്തിലെയും പ്രമുഖ നിര്‍മാതാക്കളുമായി നേരിട്ട് ആശയവിനിമയം നടത്താനും ബിസിനസ് പങ്കാളിത്തം ഉറപ്പാക്കാനും ഈ മേള അവസരമൊരുക്കും.
11ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം നിർവഹിക്കും. 12ന് മുഖ്യമന്ത്രി വി.ഡി. സതീശൻ എനർജി കോൺക്ലേവും എക്സ്പോയും ഉദ്ഘാടനം ചെയ്യും.
കെഎസ്ഇബി, കേന്ദ്ര ഊർജ മന്ത്രാലയം, ആർഇസി, എനർജി മാനേജ്മെന്റ് സെന്റർ കേരള , അനർട്ട് എന്നിവയുടെ സഹകരണത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. രാവിലെ ഒന്പതുമുതല് രാത്രി 7.30 വരെയാണ് മേള.
Tags : Business Entrepreneur Startup Market Core Renew Expo Energy