പ്രതീകാത്മക ചിത്രം
പാലക്കാട്: സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ലെന്നാരോപിച്ചാണ് ബസുകൾ നിർത്തിവച്ച് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി തീരുമാനിച്ചതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സമരത്തിനുമുന്പ് മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കാണും.
ഇതിനുശേഷം സമരം തുടങ്ങുന്ന തീയതി പ്രഖ്യാപിക്കും. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കു സൗജന്യയാത്ര നൽകുന്ന പ്രിയദർശിനി പദ്ധതിമൂലം സ്വകാര്യ ബസ് മേഖലയ്ക്ക് 120 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. ടിക്കറ്റ് നിരക്ക് വർധന സർക്കാർ പരിഗണിക്കുന്നില്ല. മുഴുവൻ ബസുടമകളുമായി ചേർന്ന് സമരം നടത്തുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥ് അറിയിച്ചു.
2022ൽ നിശ്ചയിച്ച യാത്രാനിരക്ക് വർധിപ്പിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, ഡീസലിനു സബ്സിഡി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. സർക്കാരിന്റെ ഭാഗത്തുനിന്ന് എന്താണു നിലപാടെന്ന് അറിഞ്ഞശേഷം തുടർനടപടി സ്വീകരിക്കും. നിലവിൽ സ്വകാര്യ ബസ് വ്യവസായത്തിന്റെ അവസ്ഥ വളരെ മോശമാണ്. ഓണക്കാലത്ത് ജീവനക്കാർക്കു ശന്പളമോ ബോണസോ നൽകിയിട്ടില്ല.
പണമടയ്ക്കാത്തതുകൊണ്ട് ധനകാര്യ സ്ഥാപനങ്ങൾ ബസ് പിടിച്ചെടുക്കുന്ന സാഹചര്യമുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡീസലിന് എട്ടുരൂപ 50 പൈസയാണു കൂട്ടിയത്. അതിനുമുന്പ് സർക്കാർ രണ്ടുരൂപ സെസ് കൂട്ടിയിരുന്നു. ഓയിലിന്റെ വില 250 ആയിരുന്നത് 400 ആയി. ഈ സാഹചര്യത്തിൽ ബസ് വ്യവസായം മുന്നോട്ടു കൊണ്ടുപോകുക ബുദ്ധിമുട്ടാണെന്നും ടി. ഗോപിനാഥ് പറഞ്ഞു.
Tags : Strike Announcement Private bus Kerala Ksrtc