മന്ത്രി എൻ. ഷംസുദ്ദീൻ.
തിരുവനന്തപുരം: അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ പരമാവധി ലഘൂകരിച്ച് മുന്നോട്ടു പോകാനാണ് സർക്കാരും വിദ്യാഭ്യാസ വകുപ്പും ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച സംസ്ഥാനതല ഓറിയന്റേഷൻ ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ ടെറ്റ് സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത സർക്കാരിനുണ്ട്.
അതിന്റെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട് അധ്യാപകർക്കുണ്ടായ ആശയക്കുഴപ്പങ്ങൾക്ക് വ്യക്തത വരുത്തുന്നതിനായി സർക്കാർ സുപ്രീംകോടതിയിൽ ക്യൂറേറ്റീവ് പെറ്റിഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് അംഗീകാരം ലഭിക്കാതെ കിടന്നിരുന്ന 1,700 ഓളം നിയമനങ്ങൾ കണ്ടെത്തി നൂറുദിന കർമപരിപാടിയുടെ ഭാഗമായി അംഗീകാരം നൽകിയതായി മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം ഉറപ്പാക്കണമെന്ന കോടതി നിർദേശം പാലിക്കേണ്ടതുണ്ട്. ഇതിനായി ജില്ലയെ ഒരു യൂണിറ്റായി പരിഗണിച്ച് നിയമനങ്ങളിൽ സംവരണം നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കായിക അധ്യാപകരുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുന്ന തരത്തിലാണ് കമ്മിറ്റി പ്രവർത്തിക്കുക.വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തെ കാലാനുസൃതമാക്കുന്നതിനും കോഴ്സുകളിൽ നവീകരണം കൊണ്ടുവരുന്നതിനും പുതിയ തൊഴിൽ സാധ്യതകളുമായി ബന്ധിപ്പിക്കുന്നതിനുമായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, എസ്.എസ്.കെ. സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഡോ. കെ. മോഹന കുമാർ, അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ ഷൈൻ മോൻ എന്നിവർ പങ്കെടുത്തു.
Tags : Ktet KeralaEducation Teacher Eligibility Test CurativePetition Education