ഇന്റർ സ്കൂൾ കോഡിംഗ് ഹാക്കത്തൺ
കൊച്ചി: കൊച്ചി ഇൻഫോപാർക്കിലെ സൻസ്കാര സ്കൂളിൽ ഗൂഗിൾ ക്ലൗഡിന്റെ പിന്തുണയോടെ സ്കൂൾ വിദ്യാർഥികൾക്കായി എഐ ഹാക്കത്തണും ബൂട്ട്ക്യാമ്പും നാളെയും 11നും നടത്തും. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസുമായി (മിറ്റ്സ് കൊച്ചി) സഹകരിച്ച് നടത്തുന്ന ഹാക്ക് യുവർ ഫ്യൂച്ചർ ഇന്റർ സ്കൂൾ കോഡിംഗ് ഹാക്കത്തോൺ സീസൺ 2-ൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ), കോഡിംഗ്, മറ്റ് ആധുനിക സാങ്കേതികവിദ്യകൾ എന്നിവയിൽ വിദഗ്ധ പരിശീലനം നൽകും. മുന്പ് കോഡിംഗ് പരിചയമില്ലാത്തവർക്കും പങ്കെടുക്കാം.
നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം നാലുവരെയാണ് ഗൂഗിൾ ക്ലൗഡിന്റെ പിന്തുണയോടെയുള്ള എഐ ബൂട്ട്ക്യാന്പ്. ഗൂഗിൾ എഐ ടൂളുകൾ, ടീച്ചബിൾ മെഷീൻ, ജെമിനി, നോ-കോഡ് എഐ പ്ലാറ്റ്ഫോമുകൾ എന്നിവ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തും.
11ന് രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് ഹാക്കത്തൺ സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സസ്റ്റൈനബിലിറ്റി, സ്മാർട്ട് കമ്യൂണിറ്റികൾ എന്നീമേഖലകളിലെ യഥാർഥ വെല്ലുവിളികൾക്ക് എഐ അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്തി പ്രോട്ടോടൈപ്പുകൾ തയാറാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആറു മണിക്കൂറിനുള്ളിൽ പ്രോജക്ടുകൾ പൂർത്തിയാക്കി വിധികർത്താക്കൾക്കുമുന്നിൽ അവതരിപ്പിക്കണം.
ഒന്നാംസ്ഥാനം നേടുന്ന ടീമിന് 20,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10,000, 5,000 രൂപയും കാഷ് അവാർഡുകളായി ലഭിക്കുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ്, സൻസ്കാര സ്കൂൾ പ്രിൻസിപ്പൽ ഡോ. സ്വാമിനാഥൻ കൃഷ്ണ, രോഹിത് രാജ്, മുത്തൂറ്റ് ഗ്രൂപ്പ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ആൻഡ് സിഎസ്ആർ ഹെഡ് രോഹിത് രാജ് എന്നിവർ അറിയിച്ചു. ഫോൺ: 80892 58531, 94461 26750, 97445 40397.
Tags : Business Entrepreneur Startup Market Inter-school coding hackathon