കൊച്ചിൻ തുറമുഖം
കൊച്ചി: കണ്ടെയ്നർ ചരക്കുനീക്കത്തിൽ കൊച്ചിൻ തുറമുഖത്തിനു റിക്കാർഡ് നേട്ടം. നടപ്പ് സാമ്പത്തികവർഷത്തിൽ കണ്ടെയ്നർ നീക്കത്തിൽ 18.53 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതോടെ ഈ സാമ്പത്തികവർഷം ഇതുവരെ കൈകാര്യം ചെയ്ത ആകെ കണ്ടെയ്നറുകളുടെ എണ്ണം 3.81 ലക്ഷം ടിഇയു ആയി. ഒരു മാസത്തിനിടെ 97,952 ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്തതും കൊച്ചിൻ തുറമുഖത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസനേട്ടമാണ്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഈ സാമ്പത്തികവർഷത്തിലും നേട്ടം ആവർത്തിക്കാനായത്. തുറമുഖത്തിന്റെ പ്രവർത്തനക്ഷമതയിലും ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയിലും നടത്തിയ വികസന പ്രവർത്തനങ്ങളാണ് തുടർച്ചയായി നേട്ടം കൈവരിക്കാൻ സഹായകമായതെന്ന് കൊച്ചിൻ പോർട്ട് അധികൃതർ പറഞ്ഞു.
വല്ലാർപാടത്തെ ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിന്റെ പ്രവർത്തനവും കൊച്ചിൻ തുറമുഖത്തിന്റെ കണ്ടെയ്നർ നീക്കത്തിലെ വളർച്ചയിൽ നിർണായകമാണ്. വല്ലാർപാടം ടെർമിനലിലെ ക്രെയിനുകളുടെ എണ്ണം ഏഴായി വർധിപ്പിച്ചതും യാർഡ് വിസ്തൃതി ഏകദേശം 14 ലക്ഷം ടിഇയു ശേഷിയിലേക്ക് ഉയർത്തിയതും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി. കൊച്ചിൻ പോർട്ടിൽ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ഇക്കണോമിക് ആൻഡ് ട്രേഡ് സോൺ എക്സിം വ്യവസ്ഥ ഏർപ്പെടുത്തിയത് വ്യാപാരം സുഗമമാക്കി.
അന്താരാഷ്ട്ര കപ്പൽപാതകളോടുള്ള സാമീപ്യം, കേരളത്തിന്റെ വ്യവസായ-വ്യാപാര മേഖലകളുമായുള്ള ബന്ധം, ആധുനിക കണ്ടെയ്നർ ടെർമിനൽ സൗകര്യങ്ങൾ എന്നിവയാണു വലിയ മദർഷിപ്പുകളെ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്ക് ആകർഷിക്കാൻ കാരണം. അടുത്തിടെ കൊച്ചിയിലെത്തിയ എംഎസി ഇലാരിയ എന്ന മദർഷിപ്പിൽനിന്നു മാത്രം 8,000ത്തിലധികം ടിഇയു കണ്ടെയ്നറുകളാണ് ടെർമിനലിൽ കൈകാര്യം ചെയ്തത്. ഇതും കൊച്ചി തുറമുഖത്തിന്റെ അപൂർവ നേട്ടങ്ങളിലൊന്നാണ്.
ഭാവിയിൽ വലിയ മദർഷിപ്പുകളെ കൂടുതൽ ആകർഷിക്കുന്നതിനായി കൊച്ചിൻ പോർട്ടിന്റെ കപ്പൽ ചാനലിന്റെ ആഴം 14.5 മീറ്ററിൽനിന്ന് 16 മീറ്ററായി ഉയർത്താനുള്ള 560.50 കോടി രൂപയുടെ പദ്ധതികളും നിലവിൽ പുരോഗമിച്ചുവരികയാണ്. കൂടുതൽ റിക്കാർഡ് നേട്ടങ്ങൾ കൊച്ചി തുറമുഖത്തിന് ഇതിലൂടെ കൈവരിക്കാൻ സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.